പാലാ: വർഷങ്ങൾക്ക് മുൻപ് നിർമ്മാണം നടത്തി ആരോഗ്യ വകുപ്പിന് പൊതുമരാമത്ത് കെട്ടിട വിഭാഗം നിരാ ക്ഷേപ സർട്ടിഫിക്കേറ്റോടെകൈമാറിയ കെട്ടിടത്തിൽ ഒരു ഏജൻസിയും നാളിതുവരെ ഒരു വിധ നിർമ്മാണ അപാകതകളും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അനാവശ്യ പ്രചാരണമാണ് ഇപ്പോൾ ചിലർ നടത്തുന്നതെന്നും ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാനും നഗരസഭാ ചെയർപേഴ്സണുമായ തോമസ് പീറ്റർ പറഞ്ഞു.
സംസ്ഥാന കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ നിർമ്മാണ പ്ലാൻ അനുസരിച്ച് പൊതുമരാമത്ത് ഡിസൈൻ വിഭാഗം തയ്യാറാക്കി ചീഫ് ആർക്കിടെക്റ്റ് സ്ട്രച്ചറൽ ഡ്രോയിoഗ് വിവിധ പരിശോധനയ്ക്കും ചർച്ചകൾക്കും ശേഷം അംഗീകരിച്ച് സർക്കാരിന് സമർപ്പിച്ച് ഭരണാനുമതിയും തുടർന്ന് സാങ്കേതികാനുമതിയും ലഭ്യമാക്കി ടെൻഡർ ചെയ്താണ് ഓരോ കെട്ടിടവും നിർമ്മിക്കുന്നത്.നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ ധനകാര്യ വകുപ്പിൻ്റെ ചീഫ് ടെക്നിക്കൽ എക്സാമിനർ, വകുപ്പുതല വിജിലൻസ് പരിശോധനകളും ഗുണനിലവാര പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ഫൈനൽ ബില്ല് സമർപ്പിക്കുന്നത്.നിശ്ചിത കാലയളവിനു ശേഷം ന്യൂനതകൾ ഇല്ലായെങ്കിൽ മാത്രമെ സെക്യൂരിറ്റി ഡിപ്പോസിറ്റായി വകുപ്പിൽ അടച്ച തുക തിരികെ നൽകുകയുള്ളൂ.
കെട്ടിടങ്ങൾ ഒന്നും ആരോഗ്യ വകുപ്പോ, ഇപ്പോൾ ഭരണനിർവ്വഹണ ചുമതലയുള്ള നഗരസഭയോ നിർമ്മിച്ചിട്ടുള്ളതുമല്ല.
സംസ്ഥാന പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമ്മിച്ച് ആരോഗ്യ വകുപ്പിന് വർഷങ്ങൾക്ക് മുൻപ് കൈമാറിയിട്ടുള്ള കെട്ടിടത്തിന് വൻ അപാകത എന്ന തരത്തിൽ പ്രചരിപ്പിക്കുന്നതിൽ ദുരൂഹതയുണ്ട്. എല്ലാ കെട്ടിടങ്ങളിലും അഗ്നി സുരക്ഷാ സിസ്റ്റവും പൊതുമരാമത്ത് വകുപ്പാണ് സ്ഥാപിച്ചിട്ടുള്ളത്.
നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് പ്രവർത്തനക്ഷമതയും പരിശോധിക്കുന്നുണ്ട്. രണ്ട് ഹൈടെൻഷൻ വൈദ്യുതി കണക്ഷനുകളും ആശുപത്രിക്ക് മാത്രമായി രണ്ട് ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമറുകളും മൂന്ന് ഡീസൽ ജനറേറ്ററുകളും 8 ബഡ് കം പാസഞ്ചർ ലിഫ്ടുകളും സ്ഥാപിച്ച് നൽകിയിരിക്കുന്നതും പൊതുമരാമത്ത് വൈദ്യുതി വിഭാഗമാണ് ഇതിൻ്റെ പരിപാലന ചുമതലയും പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തിനാണ്.
ഇതിനായി മാത്രം വൈദ്യുതി വിഭാഗം ഓഫീസും പാലായിൽ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രിയിലെ വൈദ്യുത വിഭാഗം സബ് സ്റ്റേഷൻ പരിപാലിക്കുന്നതിനായി മാത്രം നിയമിച്ചിരിക്കുന്ന വൈദ്യുത വിഭാഗം ജീവനക്കാരുടെ സേവനം ആശുപത്രിയിലേയ്ക്ക് ലഭ്യമാക്കുന്നതിനായി ചീഫ് എൻജിനീയർക്ക് കത്ത് നൽകിയിട്ടുമുണ്ട്. ഓരോ കെട്ടിടത്തിൻ്റെയും ഉപകരണങ്ങളുടേയും വാർഷിക അറ്റകുറ്റപണികളും ലൈസൻസുകൾ പുതുക്കലും വിവിധ വകുപ്പുകളുടെ എൻ.ഒ.സി കൾക്കും സമയാസമയങ്ങളിൽ നടത്തി വരുന്നുമുണ്ട്.
നഗരസഭയുടെ പദ്ധതി വിഹിതമായി ഓരോ വർഷവും അനുവദിക്കുന്ന ഒരു രൂപ പോലും ലാപ്സാക്കപ്പെടുന്നില്ല. സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ള എല്ലാ തസ്തികകളിലും ചികിത്സാ വിഭാഗങ്ങളിലും ഡോക്ടർമാരും നഴ്സുമാരും നിലവിലുണ്ട്.
അടുത്ത കാലത്ത് സ്ഥലം മാറ്റലഭിച്ചതും പ്രമോഷൻ ലഭിച്ചതുമായ മൂന്ന് തസ്തികളിൽ ഉടൻ പകരം നിയമനം നടക്കും. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്.
ശക്തമായ കാറ്റിലും മഴയിലും ചില ജനാലകളുടെ ജനൽ ഗ്ലാസുകൾ പൊട്ടിയത് വാർഷിക അറ്റകുറ്റപണികളിൽ ഉൾപ്പെടുത്തി മാറ്റുകയാണ് ചെയ്യുന്നത്. അസറ്റ് മെയിൻ്റനൻസ് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് അറ്റകുറ്റപണികൾ നടക്കും.ലഘുവായ അറ്റകുറ്റപണികൾ കൃത്യതയോടെ സമയാസമയങ്ങളിൽ നഗരസഭ നടത്തുന്നുണ്ട്. മാദ്ധ്യമവാർത്തകളിലൂടെ ശ്രദ്ധ നേടുവാൻ ചില നിക്ഷിപ്ത കേന്ദ്ര ങ്ങൾ നടത്തുന്ന ശ്രമമാണിത്.ഇക്കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റി ഇത്തരം നടപടികളെ ഏക കണ്ഠമായി അപലപിക്കുകയുണ്ടായി എന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.
മെച്ചപ്പെട്ട ആശുപത്രി സേവനങ്ങൾക്ക് കായ് കല്പ അവാർഡ് ലഭിച്ച വിവരം ചെയർമാൻ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.