തിരുവനന്തപുരം : സെനറ്റ് ഹാളില്‍ ഭാരതാംബയുടെ ചിത്രം വച്ചതു സംബന്ധിച്ച ചോദ്യത്തെ തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍. ചോദ്യങ്ങള്‍ രാഷ്ട്രീയത്തിലേക്കു വഴുതിവീഴുന്നുവെന്നും മറുപടി പറയാന്‍ തയാറാല്ലെന്നും പറഞ്ഞ് വിസി പോകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വകലാശാലയില്‍ അരങ്ങേറിയ പ്രശ്നങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് 20 ദിവസമായി സര്‍വകലാശാലയിലേക്കു വരാതിരുന്നത് എന്നതിനെക്കുറിച്ചും വിസി വിശദീകരിച്ചു. ഒടുവിലാണ് ഭാരതാംബയെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാതെ അദ്ദേഹം ഇറങ്ങിപ്പോയത്. സര്‍വകലാശാലയ്ക്കു മുന്നില്‍ എസ്എഫ്ഐ നടത്തിയ പരിപാടിയില്‍ ചെഗവരെയുടെ ചിത്രം വയ്ക്കാതെ മുന്‍പ് പഠിപ്പിച്ചിരുന്ന ഒഎന്‍വി കുറുപ്പിന്റെ ചിത്രം വയ്ക്കാമായിരുന്നില്ലോ എന്ന് വിസി ചോദിച്ചു.
റജിസ്ട്രാര്‍ക്കെതിരായ സസ്പെന്ഷന് ശിക്ഷാ നടപടി അല്ലെന്നും ഭരണത്തലവനായ ഗവര്‍ണറെ അപമാനിച്ചതിന്റെ പേരിലാണ് സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തിയതെന്നും വിസി പറഞ്ഞു. സ്വാഭാവികമായ നടപടിയാണ് ഉണ്ടായത്. നിയമം എല്ലാവര്ക്കും ഒരുപോലെയാണ്. റജിസ്ട്രാര്‍ അവിടെ നിന്നാല്‍ തെളിവ് നശിപ്പിക്കും. അതുകൊണ്ടാണ് മാറ്റിയത്. വിശദീകരണം ചോദിക്കുന്നതൊക്കെ അന്വേഷണത്തിന്റെ ഭാഗമായാണ് നടത്തുക. സിന്‍ഡിക്കറ്റിന്റെ അധികാരം ഉപയോഗിക്കാന്‍ വിസിക്ക് അധികാരമുണ്ട്. അതാണ് ഉപയോഗിച്ചത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ നോക്കിയ ഒരു ഫയലും ഞാന്‍ ഒപ്പിട്ടിട്ടില്ല. സസ്പെന്‍ഷനു ശേഷവും റജിസ്ട്രാര്‍ ഓഫിസില്‍ എത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും വിസി പറഞ്ഞു.
വിദ്യാര്‍ഥികളെന്ന പേരില്‍ ചിലര്‍ സര്‍വകലാശാലയില്‍ അക്രമം നടത്തുന്നതിനാലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വരാതിരുന്നത്. ഓഫിസില്‍ എത്തി 1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടു. ഇനി ഒന്നും ബാക്കിയില്ല. ഒരു ഫയലും എന്റെ മുന്നിലില്ല. 30നാണ് സര്‍വകലാശാലയില്‍ അവസാനം വന്ന് ഒപ്പിട്ടത്. മൂന്ന് മുതല്‍ എട്ട് വരെ റഷ്യയിലായിരുന്നു. ആ ദിവസങ്ങളില്‍ സിസാ തോമസിനു ചുമതലയുണ്ടായിരുന്നു. 20 ദിവസം വിസി ഇല്ലായിരുന്നു എന്ന് പറയുന്നത് കളവാണ്. വിദ്യാർഥികളെന്ന വ്യാജേന നടക്കുന്നവര്‍ സമരം നടത്തുന്നത് ഒരു വലിയ തട്ടിപ്പാണ്. അവര്‍ കലാപം നടത്തുമ്പോള്‍ ഞാനും കൂടി വന്ന് അതില്‍ എണ്ണ ഒഴിക്കേണ്ട എന്നു വിചാരിച്ചാണ് വരാതിരുന്നത്. അതിനു ശേഷം വിസിയെ തടയില്ലെന്ന് അറിയിച്ചതുകൊണ്ടാണ് വന്നത്. തടയാത്തതില്‍ നന്ദിയുണ്ട്. കോമാളിത്തരങ്ങള്‍ കാണിക്കരുത്, നല്ല രീതിയില്‍ പെരുമാറിയാല്‍ ജനങ്ങള്‍ അംഗീകരിക്കും. റജിസ്ട്രാറെ പിന്തുണയ്ക്കുന്നവര്‍ സമരത്തിന്റെ പേരില്‍ അക്രമികളെ ഇറക്കുകയാണ്. കുട്ടികള്‍ ഭയന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഓടിപ്പോകുന്നു. പാവപ്പെട്ട കുട്ടികളാണ്. അവര്‍ വായ്പയെടുത്താണ് പോകുന്നത്. അവരെ ഇവിടെ പിടിച്ച് നിര്‍ത്തേണ്ടതാണെന്നും വിസി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.