തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബിയുടെ അറ്റകുറ്റപണികള്‍ ആരംഭിച്ചു. വിമാനത്തിൻ്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കുന്നത് വരെ എഞ്ചിനിയര്‍ സംഘം തിരുവനന്തപുരത്ത് തുടരും.
തകരാര്‍ പരിഹരിക്കാന്‍ ആവശ്യമായ ഉപകരണങ്ങളുമായാണ് വിദഗ്ധ സംഘം ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതെന്ന് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ഓഫീസ് പ്രതികരിച്ചു. ജൂണ്‍ 14നാണ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
വിമാനത്തിൻ്റെ അറ്റകുറ്റപണികള്‍ക്കായി 25 പേരടങ്ങുന്ന ബ്രിട്ടീഷ് എഞ്ചിനിയര്‍മാരുടെ സംഘമെത്തിയതായാണ് വിവരം. ബ്രിട്ടീഷ് വ്യോമസേനയായ റോയല്‍ എയര്‍ഫോഴ്സിൻ്റെ ഭാഗമായ എയര്‍ ബസ് 400 എന്ന വിമാനത്തിലായിരുന്നു സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഇന്നലെതന്നെ എഞ്ചിനിയര്‍മാര്‍ വിമാനത്തെ കെട്ടിവലിച്ച് എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയിരുന്നു.
ഇന്ത്യന്‍-പസഫിക് സമുദ്രത്തില്‍ സഞ്ചരിച്ച ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. എന്നാല്‍ വിമാനത്തിന്ല് തകരാറുണ്ടാവുകയും ആഴ്ചകളായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ തുടരുകയുമായിരുന്നു.
ഇതിനിടെ വിമാനവാഹിനി കപ്പലില്‍നിന്ന് രണ്ട് എഞ്ചിനിയര്‍മാര്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല.ഇന്നലെ എത്തിയ എഞ്ചിനയര്‍മാരുടെ സംഘത്തിന് തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ വിമാനത്തിൻ്റെ ചിറകുകള് അഴിച്ചു മാറ്റി ചരക്ക് വിമാനത്തില്‍ തിരികെ യുകെയിലേക്ക് കൊണ്ടു പോകാനുള്ള സാധ്യതയുണ്ട്. എഞ്ചിനിയര്‍മാരുടെ സംഘം കുറച്ചു ദിവസങ്ങള്‍ കൂടി തിരുവനന്തപുരത്ത് തുടരുമെന്ന് വിമാനത്താവളത്തിൻ്റെ പ്രതിനിധി മഹേഷ് ഗുപ്തന് അറിയിച്ചു.
ഹാങ്ങറിലേക്ക് മാറ്റിയ എഫ് 35 ബി വിമാനത്തിൻ്റെ ചിത്രങ്ങള്‍ യുകെ ഡിഫന്‍സിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പുറത്തു വിട്ടിട്ടുണ്ട്. 110 മില്ല്യണ്‍ ഡോളറോളം വില വരുന്ന എഫ് 35 ബി വിമാനം സിഐഎസ്എഫിൻ്റെ സുരക്ഷയില്‍ എയര്‍ ഇന്ത്യയുടെ നാലാം ബേയിലായിരുന്നു ഇത്രയും നാള് സൂക്ഷിച്ചിരുന്നത്.
അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് വിമാനമായ എഫ് 35 ബി അമേരിക്കയിലെ ലോക്ക്ഹീല്‍ഡ് മാര്ട്ടിന് എയ്റോനോട്ടിക്സ് എന്ന കമ്പനിയാണ് നിര്‍മിച്ചത്.കേരളത്തില്‍ ഇതാദ്യമായാണ് റോയല്‍ എയര്‍ഫോഴ്സിൻ്റെ എയര്‍ ബസ് വിഭാഗത്തില്‍പ്പെടുന്ന എ-400 അറ്റ്ലെസ് വിമാനം പറന്നിറങ്ങിയത്. വെള്ളിയാഴ്ച (ജൂലൈ 4) യുകെ, ഓക്സ്ഫോര്‍ഡ്ഷെയറിലെ റോയല്‍ എയര്‍ഫോഴ്സിൻ്റെ ബ്രിസ് നോര്ട്ടന് സൈനിക താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം മെഡിറ്ററേനിയര്‍ ദ്വീപുകളിലെ അക്രൊടെറി സൈനികത്താവളത്തില്‍ എത്തുകയും ശനിയാഴ്ച(ജൂലൈ 5) ഇവിടെ നിന്നും മസ്ക്കറ്റിലേക്ക് പുറപ്പെടുകയുമായിരുന്നു.
മസ്ക്കറ്റിലെ സീബ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് വിമാനം ഇന്നലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയത്. എഞ്ചിനിയര്‍മാരെയും എഫ് 35 ബിയുടെ അറ്റകുറ്റപണിക്ക് ആവശ്യമായ ഉപകരണങ്ങളും എത്തിച്ച ശേഷം ഇന്നലെ വൈകിട്ട് 4.30 ഓടെ വിമാനം മടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.