ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ഡെഡ് എക്കണോമി' പ്രയോഗത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇങ്ങനെയാക്കിയത് മോദി സര്‍ക്കാരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. "അദ്ദേഹം പറഞ്ഞത് ശരിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രിക്കും ഒഴികെ എല്ലാവര്ക്കും ഇക്കാര്യമറിയാം." പ്രസിഡന്റ് ട്രംപ് സത്യം പറഞ്ഞതിനെ താൻ പിന്തുണയ്ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
"ലോകത്തിന് മുഴുവന്‍ അറിയാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിശ്ചലമാണെന്ന്. അദാനിയെ സഹായിക്കാന്‍ ബിജെപി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു. അദാനിക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി മോദി പ്രവര്‍ത്തിക്കുന്നത്." ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ നടപ്പാകുമെന്നും ട്രംപ് പറയുന്നതുപോലെ മോദി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തിന്റെ ഇന്നത്തെ പ്രധാന വിഷയം ഈ സര്‍ക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെയും പ്രതിരോധ മേഖലയേയും വിദേശനയത്തെയും നശിപ്പിച്ചുവെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറില്‍ വെടിനിര്‍ത്തലിന് ഇടപെട്ടുവെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയോട് കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. വെടിനിര്‍ത്തലിനായി ഇടപെട്ടുവെന്ന് 30-32 തവണയാണ് ട്രംപ് അവകാശപ്പെട്ടത്. അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന് വെടിവെച്ചിട്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയ്ക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മറുപടി നല്‍കാത്തത്? എന്താണ് ശരിക്കുള്ള കാരണം? ആരാണ് മോദിയെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തെ കുറ്റപ്പെടുത്തിയാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ഇന്ത്യയുടെയും റഷ്യയുടെയും സമ്പദ് വ്യവസ്ഥകള്‍ നിശ്ചലമാണെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യയും റഷ്യയും തമ്മില്‍ എന്താണ് ചെയ്യുന്നതെന്നതിനെ താന്‍ കാര്യമാക്കുന്നില്ലെന്നും രണ്ടുകൂട്ടരും ഒരുമിച്ച് മുങ്ങാന്‍ പോവുകയാണെന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിനെ തുടര്‍ന്ന് ഇന്ത്യയ്ക്കെതിരെ 25 ശതമാനം പകരച്ചുങ്കം ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പരാമര്‍ശവും നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.