ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മറുപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷം.
പഹൽഗാം ആക്രമണത്തിലെ ഇന്‍റലിജൻസ് പരാജയം, പാകിസ്ഥാനെതിരായ വെടിനിര്‍ത്തലില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കിയില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.പഹൽഗാം ആക്രമണത്തിന്‍റെ സൂത്രധാരന്മാർക്ക് ഇപ്പോഴും "ഉറക്കമില്ലാത്ത രാത്രികൾ" നൽകുന്ന ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഒരു രാജ്യത്തെയും നേതാക്കൾ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മോദി ലോക്‌സഭയില്‍ പറഞ്ഞിരുന്നു.ഇന്ത്യയ്‌ക്കെതിരായ ഏതൊരു ആക്രമണത്തിനും പാകിസ്ഥാൻ വലിയ വില നൽകേണ്ടിവരുമെന്നും മെയ് ഒമ്പതിന് രാത്രി യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസിനോട് പറഞ്ഞതായി മോദി അറിയിച്ചിരുന്നു.എന്നാല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സമാധാനത്തിന് മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്‍റെ അവകാശവാദത്തെ പ്രധാനമന്ത്രി വ്യക്തമായി നിഷേധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. "ട്രംപ് കള്ളം പറയുകയാണെന്ന് അദ്ദേഹം (പ്രധാനമന്ത്രി മോദി) നേരിട്ട് പറഞ്ഞിട്ടില്ല.
പ്രസംഗത്തിലുടനീളം അദ്ദേഹം ഒരിക്കൽ പോലും ചൈനയെക്കുറിച്ച് പരാമർശിച്ചില്ല.ചൈന പാകിസ്ഥാനെ പിന്തുണച്ചിരുന്നുവെന്ന് ലോകത്തിന് അറിയാം. എന്നിട്ടും പ്രധാനമന്ത്രിയോ നമ്മുടെ പ്രതിരോധ മന്ത്രിയോ അതിനെക്കുറിച്ച് സംസാരിച്ചില്ല." - പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി പറഞ്ഞു."ഞങ്ങളും രാജ്യവും ഉത്തരങ്ങൾ ആഗ്രഹിക്കുന്നതിനാലാണ് ഒരു ചർച്ച ആവശ്യപ്പെട്ടത്. ഞങ്ങൾക്ക് ഒരു ഉത്തരവും ലഭിച്ചിട്ടില്ല" - കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
"ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പ്രതിപക്ഷത്തെ ശപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത് എങ്ങനെ?, തീവ്രവാദികൾ എങ്ങനെയാണ് ഇന്ത്യയിലേക്ക് കടന്ന് നമ്മുടെ സിവിലിയന്മാരെയും വിനോദസഞ്ചാരികളെയും ആക്രമിച്ചത് എന്നത് ലളിതമായ ചോദ്യമാണ്. പക്ഷെ ഉത്തരങ്ങളില്ല"- പവൻ ഖേര പറഞ്ഞു."നിങ്ങൾ പറയുന്നു ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചുവെന്ന്, 30 മിനിറ്റിനുള്ളിൽ നിങ്ങൾ പാകിസ്ഥാനെ വിളിച്ച് അറിയിച്ചു - ഇനി ആക്രമണങ്ങളൊന്നുമില്ല, നിങ്ങളും ആക്രമിക്കരുതെന്ന്. എന്തൊരു ഏർപ്പാടായിരുന്നു അത്?" - അദ്ദേഹം വിമർശിച്ചു.
"എന്തുകൊണ്ടാണ് അമേരിക്കയിൽ നിന്ന് വെടിനിർത്തൽ പ്രഖ്യാപനം വന്നത്? ഞങ്ങൾക്ക് ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമാണിത്" ഖേര കൂട്ടിച്ചേര്‍ത്തു. " ഏതെങ്കിലും ഒരു രാജ്യത്തിന്‍റെയെങ്കിലും പിന്തുണ നേടുന്നതിൽ നിങ്ങൾ പരാജയപ്പെട്ടത് എന്തുകൊണ്ട്?. ഒരു രാജ്യവും പാകിസ്ഥാനെ അപലപിച്ചില്ല. ചൈനയുടെ പേര് പറയാൻ പോലും അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നില്ല" - ഖേര കൂട്ടിച്ചേർത്തു.കേന്ദ്ര സര്‍ക്കാറിന് യഥാർഥ ഭീഷണി കാണാൻ കഴിയുന്നില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവും ലോക്‌സഭ എംപിയുമായ അഖിലേഷ് യാദവ് പറഞ്ഞു.
"പാകിസ്ഥാന് പിന്നിൽ നിൽക്കുന്നത് ആരാണ്, കേന്ദ്രത്തിന് യഥാർഥ ഭീഷണി കാണാൻ കഴിയുന്നില്ല. ഭരണം കയ്യാളുന്നവര്‍ക്ക് യഥാർഥ ഭീഷണി കാണാൻ കഴിയുന്നില്ലെങ്കിൽ എന്തുചെയ്യാൻ കഴിയും..." ഒരു രാജ്യത്തിന്‍റെയും പേര് പറയാതെ അഖിലേഷ് യാദവ് വ്യക്തമാക്കി.തീവ്രവാദികൾക്ക് ഇന്ത്യയിലേക്ക് കടക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. "ഭീകരർ എങ്ങനെയാണ് വീണ്ടും വീണ്ടും ഇന്ത്യയിലേക്ക് വരുന്നതെന്ന് സർക്കാർ ഞങ്ങളോട് പറയുമോ?. ആരാണ് ഇതിന് ഉത്തരം നൽകുക?. ഇന്‍റലിജൻസ് പരാജയം സംഭവിച്ചു. പരാജയത്തിന് ആരാണ് ഉത്തരവാദികൾ?. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തോ?"- അദ്ദേഹം ചോദിച്ചു.
റാഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചോ ഇല്ലെയോ എന്നെങ്കിലും പ്രധാനമന്ത്രി സഭയെ അറിയിക്കണമായിരുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. "റഫാൽ പറന്നോ ഇല്ലയോ?. ഞാന്‍ സംസാരിക്കുന്നത് അതു വീഴുന്നതിനെക്കുറിച്ചല്ല. ഇന്ത്യൻ സർക്കാർ വാങ്ങിയ ഏറ്റവും ആധുനികവും ഏറ്റവും പുതിയതുമായ യുദ്ധവിമാനമാണ് റഫാല്‍. കുറഞ്ഞപക്ഷം സർക്കാരിനെങ്കിലും അതെ, അവ പറന്നുവെന്ന് പറയാമായിരുന്നു..." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് പറഞ്ഞു. പ്രസംഗമത്രയും നാടകമായിരുന്നു.
പഹൽഗാമിലെ ഭീകരാക്രമണത്തിലേക്ക് നയിച്ച ഇന്‍റലിജൻസ്, സുരക്ഷാ പരാജയത്തെക്കുറിച്ചായിരുന്നു ആദ്യ ചോദ്യം.ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകൾ ഉദ്ദേശിച്ച ഫലങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ട്?, ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തലിന്‍റെ ക്രെഡിറ്റ് പ്രസിഡന്‍റ് ട്രംപ് ആവർത്തിച്ച് ഏറ്റെടുക്കുന്നതും അതിനെ വാണിജ്യവുമായും വ്യാപാര കരാറുമായും ബന്ധിപ്പിച്ചതും എന്തുകൊണ്ടാണെന്നും ചോദിച്ചു. അതിനൊന്നും ഉത്തരം ലഭിച്ചില്ല. എപ്പോഴത്തേയും പോലെ നെഹ്റുവിനെ വിമര്‍ശിച്ചു. പ്രസിഡന്‍റ് ട്രംപ് "സത്യം പറയുന്നില്ല" എന്ന് പ്രധാനമന്ത്രി മോദി പരസ്യമായി പറയണമായിരുന്നു"- അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.