തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര് ഉള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു.പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി അയച്ച സാമ്പിളുകളില്‍ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി.പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്ടാക്ട് ട്രെയ്സിംഗ് ശക്തമാക്കാന്‍ നിര്‍ദേശം നല്കി. സമ്പര്‍ക്കപ്പട്ടികയില്‍ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കും. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി.
കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിർദേശമുണ്ട്.
സ്റ്റേറ്റ് കണ്ട്രോള് റൂമും, ജില്ലാ കണ്ട്രോള് റൂമുകളും സ്ഥാപിച്ചിട്ടുണ്ട്. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ കൂടി സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. രണ്ട് ജില്ലകളില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ കളക്ടര്‍മാര്‍ പ്രഖ്യാപിച്ചു. കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ മാസ്ക് നിര്‍ബന്ധമാണ്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.