തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിസി -റജിസ്ട്രാർ പോര് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നു. പ്രശ്ന പരിഹാരം ലക്ഷ്യമിട്ട് നിലപാട് മയപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ന് രംഗത്ത് വന്നു. വിസി മോഹനൻ കുന്നുമ്മലുമായി താൻ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സർവകലാശാലയിലേക്ക് തിരികെ വന്നത് ഈ ചർച്ചയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'കേരള സർവകലാശാലയിലേക്ക് വിസി തിരികെ എത്തിയത് താൻ വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ്. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടക്കുന്നുണ്ട്. വിസിയുമായും സിൻഡിക്കേറ്റുമായും സംസാരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഗവർണറുമായും സംസാരിക്കും. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല. ആദ്യം ഞാൻ ശ്രമിച്ചു നോക്കട്ടെ. റജിസ്ട്രാർ ആരെന്നു നിയമം നോക്കിയാൽ അറിയാം' - എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
ഇരുപത് ദിവസത്തിനു ശേഷമാണ് വിസി മോഹനൻ കുന്നുമ്മൽ ഇന്ന് ഓഫീസിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയിൽ, സർവകലാശാലാ വളപ്പിലെ മുന്നൂറോളം പോലീസുകാരുടെ സുരക്ഷാവലയത്തിലായിരുന്നു അദ്ദേഹം വന്നത്. പ്രധാന ശത്രുവായ വിസിയെ സർവകലാശാലയുടെ പടി ചവിട്ടാൻ എസ്എഫ്ഐ അനുവദിക്കില്ലെന്നു കരുതിയായിരുന്നു പൊലീസ് കാവൽ. എന്നാൽ പ്രതിഷേധം ഉണ്ടായില്ല.
കെട്ടിക്കിടന്ന ഫയലുകളിൽ വിസി ഒപ്പിട്ടു. ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.
വിസി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിൽ രജിസ്ട്രാർ കെ എസ് അനിൽ കുമാറും സർവകലാശാലയിൽ എത്തി. വിസി വിലക്കിയ ഓഫീസിൽ കയറിയ അനിൽ കുമാർ അര മണിക്കൂറിനു ശേഷം മടങ്ങി.
വി സി യും റജിസ്ട്രാറും തമ്മിലാണ് അധികാര തർക്കം ഉയർന്നത്. റജിസ്ട്രാർക്കൊപ്പം സിൻഡിക്കേറ്റ് നിന്നതോടെ ശക്തമായ അധികാര തർക്കം സർവകലാശാല ഭരണം കുത്തഴിയാൻ ഇടയാക്കിയിരുന്നു. അക്രമ സാധ്യതയുള്ളതിനാൽ സർവകലാശാലയിലേക്ക് വരുന്നില്ലെന്ന് നിലപാടെടുത്താണ് വിസി മാറിനിന്നത്. ഓഫീസിലെത്തുമ്പോൾ തടഞ്ഞാൽ അത് വിസിക്ക് ആയുധമാകുമെന്ന് കണ്ടാണ് എസ്എഫ്ഐ പിന്തിരിഞ്ഞതെന്നാണ് സൂചന. പ്രതിസന്ധി തുടരുന്നത് സർക്കാരിന് ഗുണം ചെയ്യില്ലെന്നും പ്രതിഷേധങ്ങൾക്ക് ഇടവേള നൽകണം എന്നും സിപിഎം നിർദേശം നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.