മുംബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) റെയ്ഡ്. അനില്‍ അംബാനിയുടെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. രണ്ട് സംസ്ഥാനങ്ങളിലുമായി ഏതാണ്ട് 35 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. 50 കമ്പനികള്‍, 25 വ്യക്തികളുടെ സ്ഥലങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധന.
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ടുയര്‍ന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പിഎംഎല്‍എ(പ്രവൻഷ്യൻ ഓഫ് മണി ലോണ്ടറിങ് ആക്ട്) വകുപ്പ് പ്രകാരമുള്ള പരിശോധനയുമായി ഇഡി എത്തിയത്. 2017 മുതല്‍ 2019 വരെ യെസ് ബാങ്കില്‍നിന്ന് എടുത്ത 3,000 കോടി രൂപയുടെ വായ്പകള്‍ നിയമവിരുദ്ധമായി വകമാറ്റിയതിലാണ് നിലവിലെ പ്രധാന അന്വേഷണം. മുന്‍ യെസ് ബാങ്ക് പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെട്ട കൈക്കൂലി ആരോപണവും പരിശോധനയിലുണ്ട്. വായ്പാ നിബന്ധനകള്‍ ലംഘിച്ച്, ഷെല്‍ കമ്പനികളിലൂടെയും പ്രൊമോട്ടര്‍മാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലൂടെയുമാണോ ഫണ്ടുകള്‍ വകമാറ്റിയതെന്ന് പരിശോധിച്ചുവരികയാണ്.
വായ്പകള്‍ അനുവദിക്കുന്നതിന് മുമ്പ് തന്നെ പ്രൊമോട്ടര്‍മാര്‍ക്ക് പണം ലഭിച്ചിട്ടുണ്ടോ എന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചുവരികയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ റിലയന്‍സ് ഹോം ഫിനാന്‍സിന്റെ കോര്‍പ്പറേറ്റ് ലോണ്‍ വിതരണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതും ഏജന്‍സി അന്വേഷിക്കുന്നുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തിലെ 3,742.60 കോടി രൂപയില്‍നിന്ന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8,670.80 കോടി രൂപയായി കോര്‍പ്പറേറ്റ് ലോണ്‍ വിതരണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനവാണ് അന്വേഷിക്കുന്നത്. ഈ അസാധാരണമായ വായ്പാ വിതരണമാണ് സാമ്പത്തിക ഏജന്‍സികളുടെ അന്വേഷണത്തിന് കാരണമായത്.
റിലയന്‍സ് ഹോം ഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റ് റെഗുലേറ്ററായ 'സെബി'യും തങ്ങളുടെ കണ്ടെത്തലുകള്‍ ഇഡിയുമായി പങ്കുവെച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 'സെബി'ക്ക് പുറമെ നാഷണല്‍ ഹൗസിംഗ് ബാങ്ക്, നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് അതോറിറ്റി (NFRA), ബാങ്ക് ഓഫ് ബറോഡ, കൂടാതെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI) ഫയല്‍ ചെയ്ത രണ്ട് എഫ്ഐആറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ റെഗുലേറ്ററി, സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.
അനില്‍ അംബാനിയുടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുതിര്‍ന്ന ബിസിനസ് എക്സിക്യൂട്ടീവുകളുടെ ഓഫീസുകളിലും റെയ്ഡുകള്‍ നടക്കുന്നുണ്ട്. ഫണ്ടുകള്‍ വകമാറ്റാന്‍ ആസൂത്രണം ചെയ്ത തട്ടിപ്പിന്റെ തെളിവുകള്‍ കണ്ടെത്തിയതായി ഇഡി പറയുന്നു. തട്ടിപ്പിലൂടെ ബാങ്കുകള്‍, ഓഹരിയുടമകള്‍, നിക്ഷേപകര്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.