തലയോലപ്പറമ്പ് : നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനക്കുറ്റത്തിനു കേസ്. നിവിൻ പോളി നായകനായ ‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിലാണ് നടപടി.
‘ആക്‌ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ നിർമാണ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഷംനാസിൽനിന്നു പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചുവച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാൾക്കു നൽകിയെന്നുമാണ് പരാതി. നിവിനും ഏബ്രിഡിനുമെതിരെ കേസെടുക്കാൻ തലയോലപ്പറമ്പ് പൊലീസിന് വൈക്കം ജെഎഫ്സിഎം 1 കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് 406, 420, 34 വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്തത്. നിവിൻ പോളി ഒന്നാം പ്രതിയും ഏബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്.
‘മഹാവീര്യർ’ പരാജയപ്പെട്ടപ്പോൾ, നിവിൻ പോളി 95 ലക്ഷം രൂപ ഷംനാസിനു നൽകാമെന്നും ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ഹീറോ ബിജു 2 ൽ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പു നൽകിയിരുന്നതായാണു പരാതി. തുടർന്ന് 2024 ഏപ്രിലിൽ സിനിമയുടെ നിർമാണത്തിനായി 1.90 കോടി രൂപ കൈമാറിയെന്നും ഷംനാസ് പറയുന്നു. പിന്നീട് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിനു കത്ത് നൽകിയ ശേഷം സിനിമയുടെ ടൈറ്റിൽ ഏബ്രിഡ് ഷൈൻ പൊഡക്‌ഷൻസിന്റെ ബാനറിൽനിന്ന് പി.എസ്. ഷംനാസിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്കു മാറ്റുകയും ചെയ്തു. ഇതിനിടെ, സിനിമയുടെ ബജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്, ഷംനാസുമായുള്ള കരാർ മറച്ചുവച്ച്, ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണാവകാശം കൈമാറിയെന്നു പരാതിയിൽ പറയുന്നു. നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയേഴ്സിനാണ് സിനിമയിൽ അവകാശമെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇതെന്നും ദുബായിലെ കമ്പനിക്ക് 5 കോടി രൂപയ്ക്കാണ് ഓവർസീസ് വിതരണാവകാശം നൽകിയതെന്നും ഇതിൽ 2 കോടി രൂപ അഡ്വാൻസ് ആയി വാങ്ങിയെന്നും ഷംനാസിന്റെ പരാതിയിൽ പറയുന്നു. കേസിൽ നിവിൻ പോളിയാണ് ഒന്നാം പ്രതി. ഏബ്രിഡ് ഷൈൻ രണ്ടാം പ്രതി.
ആക്‌ഷൻ ഹീറോ 2 ഏബ്രിഡ് ഷൈൻ, നിവിൻ പോളി എന്നിവർക്കൊപ്പം ചേർന്ന് നിർമിക്കാമെന്നായിരുന്നു തീരുമാനമെന്ന് ഷംനാസ് മനോരമയോടു പറഞ്ഞു. എന്നാൽ ഷൂട്ടിങ് തുടങ്ങി 11 ദിവസം പിന്നിട്ടപ്പോൾ ഏബ്രിഡ് ഷൈനുമായി അഭിപ്രായവ്യത്യാസം ഉണ്ടായി. തുടർന്ന് ദുബായ് കമ്പനിക്ക് അഞ്ചുകോടി രൂപയ്ക്ക് മറിച്ചുവിൽക്കുകയായിരുന്നുവെന്നും ഷംനാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.