തിരുവനന്തപുരം; ഇവിടെ കേക്ക്, അവിടെ കൈവിലങ്ങ്; ഈ വൈരുധ്യം ന്യായീകരിക്കാനാകാതെ വലയുകയാണു കേരള ബിജെപി. നിർണായക തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ,
ക്രൈസ്തവ വോട്ട് ഉന്നമിട്ടുള്ള നീക്കങ്ങളെയാകെ തകിടംമറിക്കുന്നതാണ് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്.ബിജെപിയുടെ ഇരട്ടത്താപ്പ് ഉയർത്തിക്കാട്ടി കോൺഗ്രസും ഇടതുപക്ഷവും രംഗത്തിറങ്ങുകയും സഭാ നേതൃത്വങ്ങൾ നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ, ഛത്തീസ്ഗഡ് സംഭവം കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു.
അറസ്റ്റിൽ പ്രതിഷേധിച്ച് വിവിധ കത്തോലിക്കാ സഭാ നേതൃത്വങ്ങൾ ഇന്നു തിരുവനന്തപുരത്ത് സംയുക്ത റാലി നടത്തും. ബിഷപ്പുമാർ കഴിഞ്ഞദിവസങ്ങളിൽ പ്രസ്താവനകൾ നടത്തിയെങ്കിലും പ്രതിഷേധത്തിനു മൂർച്ചപോരെന്നു വിലയിരുത്തിയാണ് ഒന്നിച്ചിറങ്ങുന്നത്. എഡിറ്റോറിയൽ എഴുതിയാലും അരമനയിൽ ഒരുമിച്ചിരുന്നു പ്രാർഥിച്ചാലും മാത്രം പോരെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ വിമർശനത്തിനുള്ള മറുപടി കൂടിയാണിത്.
ക്രൈസ്തവർക്കെതിരെ അതിക്രമം നടക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നതു ബിജെപിയായതിനാൽ പ്രതിഷേധ റാലിയുടെ മുന നീളുന്നത് അവരിലേക്കു തന്നെ. കേരളത്തിൽ തങ്ങളുടെ രാഷ്ട്രീയ മോഹങ്ങൾക്കു കനത്ത തിരിച്ചടി നൽകാനുള്ള പ്രഹരശേഷി അതിനുണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം തിരിച്ചറിയുന്നുണ്ട്.
മതപരിവർത്തന നിരോധന നിയമം ആയുധമാക്കിയാണു പല സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കു നേരെ അതിക്രമം നടക്കുന്നതെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ നിയമം ഏറ്റവുമധികം പ്രയോഗിക്കുന്നത് ബിജെപി സർക്കാരുകളാണെന്ന് ഉദാഹരണസഹിതം കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. ക്രിസ്മസ് ഉൾപ്പെടെയുള്ള ആഘോഷവേളകളിൽ സഭാ ആസ്ഥാനങ്ങൾ സന്ദർശിക്കുന്നത് ഏതാനും നാളുകളായി കേരള ബിജെപി നേതാക്കളുടെ പതിവാണ്.
ഇതുവഴി സഭകളുടെ പിന്തുണ ബിജെപി നേടിയെടുത്തുവെന്ന് പറയാനാവില്ലെങ്കിലും ഏതാനും ബിഷപ്പുമാരിലേക്കെങ്കിലും സഹകരണത്തിന്റെ പാലമിടാൻ കഴിഞ്ഞുവെന്ന വിശ്വാസം നേതാക്കൾക്കുണ്ടായിരുന്നു. ജോർജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതിലൂടെ ആ ബന്ധം ദൃഢമായെന്നും അവർ വിശ്വസിച്ചു. ഇതിനിടെയാണ് ഛത്തീസ്ഗഡ് സംഭവം ബിജെപിയെ വെട്ടിലാക്കിയത്.
പ്രശ്നപരിഹാരത്തിനു കിണഞ്ഞു ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവർത്തിക്കുമ്പോൾ, കന്യാസ്ത്രീകൾ നടത്തിയത് മനുഷ്യക്കടത്തും മതപരിവർത്തനവുമാണെന്ന നിലപാടിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നു. കന്യാസ്ത്രീകളുടെ മോചനം നീളുന്തോറും ബിജെപി സംസ്ഥാന നേതൃത്വത്തിനു നേർക്ക് ഉയരുന്ന ചോദ്യങ്ങൾക്കും മൂർച്ച കൂടുന്നു. വിവിധ സഭകൾ പങ്കെടുക്കും കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്നു 4ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നു രാജ്ഭവനിലേക്കു നടത്തുന്ന റാലിയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ആർച്ച്ബിഷപ്പുമാരായ തോമസ് ജെ.നെറ്റോ, മാർ തോമസ് തറയിൽ, ബിഷപ് ക്രിസ്തു ദാസ് തുടങ്ങിയവർ പങ്കെടുക്കും.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഹൗസിൽ ചേർന്ന ആലോചനായോഗത്തിൽ വിവിധ സഭകളെ പ്രതിനിധീകരിച്ച് മോൺ. യൂജിൻ എച്ച്.പെരേര, മോൺ.വർക്കി ആറ്റുപുറത്ത്, മോൺ.ജോൺ തെക്കേക്കര തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.