ഡൽഹി;അമ്പരപ്പിക്കുന്ന വിലക്കുറവിലാണ് പലരും ഡല്‍ഹിയില്‍ നിന്നും ആഡംബര കാറുകള്‍ സ്വന്തമാക്കുന്നത്. 10 വര്‍ഷമായ ഡീസല്‍ കാറുകള്‍ക്കും 15 വര്‍ഷമായ പെട്രോള്‍ കാറുകള്‍ക്കും നിരോധനം പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് മറ്റെങ്ങുമില്ലാത്തവിധം ഡല്‍ഹിയില്‍ ആഡംബര കാറുകളുടെ വില ഇടിഞ്ഞത്.
അതേസമയം പൊതു സമൂഹത്തില്‍ നിന്നും വലിയ തോതില്‍ എതിര്‍പ്പുയര്‍ന്നതോടെ നിരോധനത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇളവു വരുത്തുകയും ചെയ്തു. ഡീസൽ വാഹന നിരോധനത്തിന്റെ അപ്രായോഗിക വശങ്ങൾ കാണിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഡൽഹി സർക്കാർ അറിയിച്ചത്. ഹരിത ട്രിബ്യൂണൽ ഇടപെടൽ
ഡല്‍ഹിയില്‍ വായു മലിനീകരണം ജനജീവിതത്തെ കാര്യമായി ബാധിച്ചതോടെ 2015ലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പഴക്കം ചെന്ന കാറുകള്‍ ഡല്‍ഹിയില്‍ നിരോധിക്കണമെന്ന നിര്‍ദേശം നല്‍കിയത്. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ കാറുകളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ കാറുകളും നിരോധിക്കാനായിരുന്നു നിര്‍ദേശം. 2025ല്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചതോടെയാണ് ഡല്‍ഹിയില്‍ 'ആഡംബര കാറുകളുടെ ചാകര' സംഭവിച്ചത്. പമ്പുകളില്‍ ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍
നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ 350 പെട്രോള്‍ പമ്പുകളില്‍ ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍(എഎന്‍പിആര്‍) ക്യാമറകള്‍ സ്ഥാപിച്ചു. പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാതിരിക്കാനും നടപടികള്‍ സ്വീകരിക്കാനുമായിരുന്നു ഈ നീക്കം. പഴക്കമുള്ള നാലു ചക്രവാഹനങ്ങള്‍ക്ക് 10,000 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 5,000 രൂപയും പിഴയും പ്രഖ്യാപിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാലപ്പഴക്കമുള്ള വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കാന്‍ കൂടി തുടങ്ങിയതോടെയാണ് ഡല്‍ഹിയിലെ കാറുടമകളില്‍ പലരും കിട്ടിയ വിലക്ക് വാഹനം വില്‍ക്കാനുള്ള തീരുമാനമെടുത്തത്. ആഡംബര കാറുകൾക്ക് വൻ വിലക്കുറവ്
ഡൽഹി സ്വദേശിയായ വരുൺ താൻ 85 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബെൻസ് എസ്‍യുവി 2.5 ലക്ഷം രൂപയ്ക്ക് വിറ്റു എന്ന സമൂഹമാധ്യമ പോസ്റ്റ് ഏറെ വൈറലായിരുന്നു. എന്നാൽ പഴയ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾക്ക് കുറഞ്ഞ വിലയ്ക്ക് ആഡംബര കാറുകൾ ലഭിക്കും. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നിതിന്‍ ഗോയലിന് 40 ലക്ഷത്തിന്റെ മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ് വെറും 4.25 ലക്ഷം രൂപക്കാണ് ലഭിച്ചതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
65 ലക്ഷം രൂപ വിലയുള്ള ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ എട്ടു ലക്ഷം രൂപക്കും ലഭിച്ചു. മികച്ച കണ്ടീഷനിലുള്ള ഈ വാഹനങ്ങള്‍ ഡല്‍ഹിക്കു പുറത്ത് 2028 വരെയെങ്കിലും ഒരു കുഴപ്പവുമില്ലാതെ ഓടിക്കാനാവും. ഡല്‍ഹിയിലെ 62 ലക്ഷം സ്വകാര്യ വാഹനങ്ങളെ പുതിയ മലിനീകരണ നിയന്ത്രണ നയം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. 15 വര്‍ഷത്തെ നികുതി അടച്ച് നിരത്തിലിറക്കിയ വാഹനങ്ങള്‍ 10 വര്‍ഷമാവുമ്പോഴേക്കും പിടിച്ചെടുക്കുന്നതിലെ നീതി കേടാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. മലിനീകരണത്തിന്റെ പേരിലാണെങ്കില്‍ ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ 50 ശതമാനവും വലിയ വാഹനങ്ങള്‍ 30 ശതമാനവും വായു മലിനീകരണത്തിന് കാരണമാവുമ്പോള്‍ സ്വകാര്യ കാറുകളുടെ പങ്ക് 20 ശതമാനമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
തട്ടിപ്പുകളിൽ പെടാതെ സൂക്ഷിക്കൂ ഡല്‍ഹിയില്‍ പഴക്കമുള്ള കാറുകള്‍ക്ക് വലിയ തോതില്‍ വിലക്കുറവുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ വലിയ തോതില്‍ തട്ടിപ്പുകളും നടക്കുന്നുണ്ട്. ഒഡോ മീറ്ററില്‍ മാത്രമല്ല വ്യാജ സര്‍വീസ് രേഖകള്‍ വരെ തയ്യാറാക്കി തട്ടിപ്പു നടത്തുന്നവരുണ്ട്. നേരിട്ട് വാഹനം കണ്ട് വിലയിരുത്തി ആവശ്യമെങ്കില്‍ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം മാത്രം തീരുമാനമെടുക്കുക. വില്‍ക്കുന്നയാളുടെ തിരിച്ചറിയല്‍ രേഖയും ഉടമസ്ഥത തെളിയിക്കുന്ന രേഖകളും വാങ്ങണം.
ഇനി ഡീലര്‍മാര്‍ വഴിയാണ് കച്ചവടമെങ്കില്‍ അവര്‍ക്ക് ഓഫീസും മറ്റും ഉണ്ടെന്ന് ഉറപ്പു വരുത്തുക. യഥാര്‍ഥ ആര്‍സി, ഇന്‍ഷൂറന്‍സ്, ടാക്‌സ്, പിയുസി രേഖകള്‍ ഉണ്ടെന്ന് ഉറപ്പിക്കണം. അഡ്വാന്‍സ് പണം നല്‍കാതിരിക്കുക. അസാധാരണ വിലക്കുറവില്‍ പെട്ടെന്ന് പണം കൈമാറാന്‍ നിര്‍ബന്ധിക്കുന്നവരേയും ഒഴിവാക്കുന്നതാണ് നല്ലത്. ഡല്‍ഹിയില്‍ നിന്നും പഴയ കാര്‍ വിലക്കുറവില്‍ ലഭിക്കാനുള്ള അത്ര തന്നെ സാധ്യത തട്ടിപ്പിന് ഇരയാവാനുമുണ്ടെന്നത് മറക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.