മൂവാറ്റുപുഴ: ട്രാഫിക് പെറ്റി കേസുകളിൽ ഈടാക്കിയ പിഴത്തുകയിൽ 16,76,650 രൂപയുടെ ക്രമക്കേട് നടത്തിയ വനിത സീനിയർ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.
മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. 2018 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെ ട്രാഫിക് പോലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവൻ ബാങ്കിലടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തു എന്നാണ് കേസ്.നിലവിൽ മൂവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായിരിക്കെയാണ് സസ്പെൻഷൻ.മൂവാറ്റുപുഴ ട്രാഫിക് എസ്.ഐ. ടി. സിദ്ദിഖിനോട് ജില്ല പോലീസ് മേധാവി ഇതു സംബന്ധിച്ച വിശദീകരണം ആരാഞ്ഞിരുന്നു. തുടർന്ന് ജൂലായ് 21-ന് എസ്.ഐ. നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി കേസെടുത്തു. തുടർന്നാണ് സസ്പെൻഡ് ചെയ്തത്.
ട്രാഫിക് കേസുകളിൽ പോലീസുദ്യോഗസ്ഥർ പിഴയായി ഈടാക്കുന്ന തുക അതത് ദിവസം റൈറ്ററെ ഏൽപ്പിക്കുകയാണ് ഇ പോസ് യന്ത്രം വരുന്നതിനു മുൻപ് ചെയ്തിരുന്നത്. ഈ തുകയുടെ കണക്കുകൾ പോലീസ് സ്റ്റേഷനിലെ അക്കൗണ്ടുകളിലും രജിസ്റ്ററിലും ചേർത്ത ശേഷം ചെലാനെഴുതി ബാങ്കിൽ അടയ്ക്കുന്നത് ചുമതലയിലുള്ള റൈറ്ററാണ്.
രസീതുകളിലും രജിസ്റ്ററുകളിലും യഥാർഥ തുകയെഴുതുകയും ചെലാനിൽ കുറഞ്ഞ തുക രേഖപ്പെടുത്തി ബാങ്കിൽ അടയ്ക്കുകയും ചെയ്ത ഇവർ പണമടച്ചശേഷം ബാങ്ക് രസീതിൽ ബാക്കി ഭാഗം എഴുതിച്ചേർക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. പലപ്പോഴും ഇരട്ട അക്കങ്ങൾ വരുന്ന ഘട്ടത്തിൽ ആദ്യ അക്കം ഒഴിവാക്കി ബാങ്കിൽ അടയ്ക്കും. അടച്ച ശേഷം അക്കം എഴുതിച്ചേർക്കും. പല തവണയായാണ് ഇത്രയും തുകയുടെ ക്രമക്കേട് നടത്തിയിരിക്കുന്നത്.
ജില്ല പോലീസ് ഓഫീസിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ രസീതുകളിൽ വ്യത്യാസം കണ്ടെത്തി. തുടർന്ന് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് വലിയ ക്രമക്കേട് കണ്ടെത്തിയത്. 2015 മുതലുള്ള കണക്കുകൾ പരിശോധിക്കാനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.