മുംബൈ: 2006-ലെ മുംബൈ ലോക്കൽ ട്രെയിൻ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. ഇവർക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
നഗരത്തിലെ റെയിൽവേ ശൃംഖലയെ പിടിച്ചുകുലുക്കുകയും 180-ലധികം പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും ഇടയാക്കുകയും ചെയ്ത ഭീകരാക്രമണത്തിന് 19 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രോസിക്യൂഷൻ തെളിവുകൾ പര്യാപ്തമായിരുന്നില്ലെന്ന് ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് പറഞ്ഞു.
'പ്രതികൾക്കെതിരെ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടു. പ്രതികളാണ് ഈ കുറ്റം ചെയ്തതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതിനാൽ ഇവരുടെ ശിക്ഷ റദ്ദാക്കുന്നു.' ഹൈക്കോടതി പറഞ്ഞു.
വിചാരണ കോടതി അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാൽ, ഇത് ശരിവെക്കാൻ വിസമ്മതിച്ച പ്രത്യേക ബെഞ്ച് എല്ലാവരെയും വെറുതെവിട്ടു. മറ്റ് കേസുകളിൽ പ്രതിയല്ലെങ്കിൽ, ഇവരെ ഉടൻ ജയിലിൽനിന്ന് മോചിപ്പിക്കണമെന്നും കോടതി പറഞ്ഞു.
2015-ൽ വിചാരണ കോടതി കേസിലെ 12 പേരെയും കുറ്റക്കാരായി കണ്ടെത്തുകയും അവരിൽ അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. 2006 ജൂലൈ 11-ന് മുംബൈ നഗരത്തിലെ ലോക്കൽ ട്രെയിൻ ശൃംഖലയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന ഏഴ് സ്‌ഫോടനങ്ങളിൽ 180-ലധികം പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.