പാലാ: പാലാ -പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴിപൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന പാലാ റിംങ് റോഡിൻ്റെ രണ്ടാം ഘട്ട നിർ മ്മാണത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്നു ജോസ് കെ മാണി എംപി അറിയിച്ചു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന റിoങ് റോഡിൻ്റെ അവസാനഘട്ട നടപടിയിൽപെട്ട ഫീൽഡ് പ്രൊജക്റ്റ് അപ്പ്രൈസൽ കിഫ്ബിയിൽ നിന്നുള്ള സീനിയർ ട്രാൻസ്പോർട്ടേഷൻ എൻജിനീയറുടേയും ഡപ്യൂട്ടി പ്രൊജക്ട് മാനേജരുടേയും നേതൃത്വത്തിലുള്ള സംഘവും കിഫ്ബിയുടെ പ്രൊജക്ട് മാനേജ്മെൻ്റ് യൂണിറ്റായ കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയർമാരും ചേർന്ന് കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി. ഏറ്റെടുക്കേണ്ട സ്ഥലങ്ങളും നടപ്പാക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങളും സംഘം സമഗ്രമായി പരിശോധിച്ചു.
പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് കേരള പൊതുമരാമത്ത് വകുപ്പിന്റെ ഹൈവേ ഡിസൈൻ വിങ് തയാറാക്കി കഴിഞ്ഞ മാസം കിഫ്ബിയിൽ സമർപ്പിച്ചിരുന്നു.കളരിയമ്മാക്കൽ പാലം വരെയുള്ള 2.115 കിലോമീറ്ററിൽ 1.940 കിലോമീറ്റർ വരെ കിഫ്ബിയുടെ 52 കോടി വിനിയോഗിച്ച് നിർമാണം നാടത്തും. ആവശ്യമായ ഭൂമി ഏറ്റെടുക്കുവാനും KSEB, BSNL, KWA തുടങ്ങിയവരുടെ വൈദ്യുതി തൂണുകൾ, കേബിളുകൾ, പൈപ്പ്‌ലൈനുകൾ എന്നിവ മാറ്റിയിടാനും വകയിരുത്തിയിട്ടുണ്ട്. അവശേഷിക്കുന്ന കളരിയമ്മാക്കൽ പാലം വരെയുള്ള ഭാഗം പൊതുമരാമത്ത് നിരത്തു വിഭാഗം 13 കോടി മുതൽമുടക്കിൽ ഭൂമി ഏറ്റെടുത്ത് നിർമ്മിക്കും.
നിലവിലുള്ള റോഡിലൂടെ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ പുതിയ പാത കടന്നുപോകുന്നുള്ളൂ, കൂടുതലും ഭാഗങ്ങളിൽ പുതിയ റോഡ് ആണ് നിർദേശിച്ചിരിക്കുന്നത് . നിർദ്ദിഷ്ട റോഡിന്റെ ആകെയുള്ള വീതി 12.00 മീറ്ററും , അതിൽ 7 മീറ്റർ കാരിയേജ് വേയും , 1.00 മീറ്റർ പേവിംഗ് ഷോൾഡറും 1.50 മീറ്റർ ഫുട്പാത്ത് കം ഡ്രെയിനുമായാണ് റോഡ് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. ഇരുവശത്തും മൂടിയ ഡ്രെയിനേജുകൾ ആണ് നൽകിയിരിക്കുന്നത് . അധികം മണ്ണ് നീക്കുന്നതും കൽക്കെട്ടും കുറക്കുവാൻ രണ്ടു മേല്പാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അടുത്ത കിഫ്ബി ബോർഡ് യോഗത്തിൽ അന്തിമ അനുമതി ലഭ്യമാക്കുവാൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും, കിഫബിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെ എം അബ്രാഹവും ആയി ചർച്ചകൾ നടത്തിയതായും, പദ്ധതിയുടെ പൂർത്തീകരണത്തോടുകൂടി പാലായിലെ റോഡ് ഗതാഗതം കൂടുതൽ വിശാലവും സുഗമവുമാകുമെന്നും ജോസ്.കെ.മാണി എം പി സൂചിപ്പിച്ചു. വർഷങ്ങളായി ഭൂഉടമകൾ സ്ഥലം വിട്ടു നൽകുവാൻ മുൻകൂർ സമ്മതം അറിയിച്ച് ജോസ്.കെ.മാണിയെ സമീപിച്ചിരുന്നു. വൈകിപ്പോയ ഭൂമി ഏറ്റെടുക്കലിനു കൂടി പരിഹാരമാവുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.