കണ്ണൂർ : നരേന്ദ്രമോദിയല്ല നരേന്ദ്ര ‘ഭീതി’ യാണ് ഇന്ത്യ ഭരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ച സംഭവത്തിൽ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു.
മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ക്രിസ്ത്യൻ പുരോഹിതർക്ക് നേരെയും മതന്യൂനപക്ഷങ്ങൾക്ക് നേരെയുമുള്ള ആക്രമണം ശക്തിപ്പെട്ട് വരികയാണ്. രാജ്യം ഇന്നുവരെ കാണാത്ത ജനവിരുദ്ധ നയങ്ങളുമായാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. വിലക്കയറ്റവും തൊഴില്ലായ്മയും വലിയ പ്രശ്‌നമായി മാറി.
പട്ടിണിയും ദാരിദ്ര്യവും പെരുകുകയാണ്. ഇതിൽ നിന്നെല്ലാം ശ്രദ്ധതിരിക്കാൻ വേണ്ടി മറ്റ് മതങ്ങളോടുള്ള വിരോധം കുത്തിവച്ച് മതവർഗീയത നടപ്പിലാക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. യഥാർഥത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല. നരേന്ദ്ര ഭീതിയാണ്. അറസ്റ്റ് ചെയ്ത് നാലാംദിവസവും കന്യാസ്ത്രീകളെ സഭാ അധികൃതരുമായി ബന്ധപ്പെടാൻ പോലും പൊലീസ് അനുവദിച്ചില്ല.
കേരളത്തിലെ ബിജെപിയുടെ ചില ഗിമ്മിക്ക് വിലപ്പോകില്ല. കേരളത്തിലെ ബിജെപിക്ക് അടിസ്ഥാന ഗ്രന്ഥത്തിലെ ശത്രുക്കളെ മാറ്റാന്‍ കഴിയില്ല. കേക്ക് കൊടുത്ത് സന്ധിസംഭാഷണത്തിന് പോകുന്നവരുടെ അടിസ്ഥാനഗ്രന്ഥത്തിൽ ആരൊക്കെയാണ് ശത്രുക്കൾ എന്ന് കൃത്യമായി എഴുതിയിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.