തിരുവനന്തപുരം; കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ പ്രതിഷേധം അതിശക്തം. വലിയ അനാസ്ഥയാണ് വിഷയത്തില്‍ സംഭവിച്ചതെന്നാണ് സംഭവസ്ഥലത്തുള്ളവര്‍ പറയുന്നത്.
കെട്ടിടം തകര്‍ന്ന ശേഷം സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകരടക്കം കെട്ടിടത്തിനടിയില്‍ ആരെങ്കിലും കുടുങ്ങിയോ എന്ന് പരിശോധിക്കണമെന്ന് അധികൃതരോട് പറഞ്ഞിരുന്നു.എന്നാല്‍, പഴയ കെട്ടിടമാണെന്നും ആരുമില്ലെന്നും അധികൃതര്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇക്കാര്യം തന്നെയാണ് മന്ത്രിമാരായ വീണ ജോര്‍ജും വി എന്‍ വാസവനും മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രിമാരുടെ വാക്കുകള്‍ കൂടി കേട്ടതോടെ തിരച്ചില്‍ നടത്താന്‍ ജീവനക്കാരും കൂട്ടാക്കിയില്ല.
സ്ഥലത്തെത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയും അധികൃതരോട് പല തവണ തിരിച്ചില്‍ നടത്താനും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന് എങ്ങനെ അറിയാമെന്നും ചോദിക്കുന്ന വീഡിയോയും പുറത്തുവന്നു. എന്നാല്‍, കെട്ടിടങ്ങള്‍ക്കിടയിലേക്ക് ജെസിബി കയറാന്‍ പ്രയാസമാണെന്നും ബാക്കിയുള്ള കെട്ടിടം തകരുമോ എന്നറിയില്ലെന്നുമടക്കം മുടന്തന്‍ ന്യായങ്ങളാണ് അധികൃതര്‍ നല്‍കിയത്.
തുടര്‍ന്ന് രണ്ടരമണിക്കൂറിനു ശേഷം ബിന്ദുവിന്‍റെ മകളും ബന്ധുക്കളും അമ്മയെ കാണാനില്ലെന്നും ഫോണില്‍ ലഭിക്കുന്നില്ലെന്നും കരഞ്ഞു പറഞ്ഞതോടെയാണ് തിരച്ചില്‍ നടത്തിയത്. ഈ തിരച്ചിലില്‍ ബിന്ദുവിനെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ, വ്യാപക പ്രതിഷേധമാണ് ആരോഗ്യവകുപ്പിനെതിരേയും കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ക്കുമെതിരേ ഉണ്ടായത്.
അപകടസ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി
അപകടത്തിനു ശേഷം കോട്ടയത്തുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളജിലെത്തി. മെഡിക്കല്‍ കോളജിലെത്തിയ മുഖ്യമന്ത്രി പക്ഷേ അപകടസ്ഥലം സന്ദര്‍ശിച്ചില്ല. അഞ്ചു മിനിറ്റ് നേരം മെഡിക്കല്‍ കോളജില്‍ തങ്ങിയ പിണറായി അടുത്ത പരിപാടിക്കായി പുറപ്പെട്ടു.
മന്ത്രിമാരായ വാസവനും വീണയും ഒപ്പമുണ്ടായിരുന്നു. കോട്ടയം കളക്ടറും മുഖ്യമന്ത്രിക്കൊപ്പം അവലോകന യോഗത്തില്‍ പങ്കെടുത്തു. ഒരാഴ്ചയ്ക്കം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം, അപകടസ്ഥലത്ത് നിന്ന് മടങ്ങിയ മുഖ്യമന്ത്രിക്കെതിരേ ആം ആദ്മി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും ചെയ്തു.മന്ത്രി വീണയ്‌ക്കെതിരെ പ്രതിഷേധം അതിശക്തം
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നു ബിന്ദു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേ വ്യാപക പ്രതിഷേധം. കോട്ടയത്തും പത്തനംതിട്ടയിലും എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും വലിയ പ്രതിഷേധമുണ്ടായി.
പലയിടത്തും കോണ്‍ഗ്രസ്, ലീഗ്, ബിജെപി പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍മുണ്ടായി. പത്തനംത്തിട്ടയിലേയും തിരുവനന്തപുരത്തേയും മന്ത്രിയുടെ ഓഫിസുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു.
ജെസിബിയെ കുറ്റം പറഞ്ഞ് വീണയും വാസവനും
ഉപയോഗ ശൂന്യമായ കെട്ടിടമാണെന്നും ആര്‍ക്കും കാര്യമായ പരിക്കില്ലെന്നും ആദ്യഘട്ടത്തില്‍ പരസ്യമായി പ്രഖ്യാപിച്ച മന്ത്രിമാരായ വീണ ജോര്‍ജും വി എന്‍ വാസവനും പിന്നീട് മലക്കം മറിഞ്ഞു. തകർന്നു വീണത് മെഡിക്കല്‍ കോളജ് ആരംഭിച്ചപ്പോഴുള്ള കെട്ടിടമാണെന്നും ഇവിടേക്ക് ആളുകൾ കയറിയതെങ്ങിനെയെന്ന് പരിശോധിക്കുമെന്നും മന്ത്രി വാസവന്‍ പറഞ്ഞു. രണ്ടു കെട്ടിടങ്ങൾക്കിടയിലുള്ള ഭാഗമായതിനാൽ ജെസിബി സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ടുണ്ടായെന്നും വാസവന്‍.അതേസമയം, ആദ്യഘട്ടത്തില്‍ അധികൃതര്‍ നല്‍കിയ വിവരമാണ് പങ്കുവച്ചതെന്നും ബിന്ദുവിനെ കാണാതായ വിവരം അറിഞ്ഞപ്പോള്‍ തന്നെ തിരിച്ചില്‍ നടത്തിയെന്നും മന്ത്രി വീണ പറഞ്ഞു. മന്ത്രിമാര്‍ എത്തിയ ഉടൻ ജെസിബി എത്തിക്കാൻ ശ്രമിച്ചു. എന്നാല്‍, തടസങ്ങൾ നീക്കിയാണ് ജെസിബി എത്തിക്കാനായത്. അതാണ് രക്ഷാപ്രവര്‍ത്തനം വൈകിയതെന്നും വീണ.
മകള്‍ക്കൊപ്പം എത്തി ചേതയറ്റ് മടക്കം
രണ്ടര മണിക്കൂറോളമാണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു(54) കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയപ്പാഴാണ് അപകടമുണ്ടായത്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മെഡിക്കല്‍ കോളജില്‍ എത്തിയത്. അപകടം നടന്നയുടന്‍ ഭാര്യയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ കണ്ടെത്താനായത്.
ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റാക്കി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.
ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. മകളുടെ ചികിത്സാർഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനാണ് പതിനാലാം വാർഡിന്‍റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായത്.
തലയോലപ്പറമ്പ് പള്ളിക്കവല അവധിയിലാണ് ഇവർ താമസിക്കുന്നത്.തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയും ആണ് ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമ്മാണ തൊഴിലാളിയാണ്. നവമി ആന്ധ്ര അപ്പോളോ ഹോസ്പിറ്റലിൽ നാലാം വർഷ പിഎസ്‌സി നഴ്ങ്‌സി വിദ്യാർഥിനിയാണ്. മകൻ നവനീത് (സിവിൽ എഞ്ചിനീയര്‍, എറണാകുളം)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.