ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. കൊളോണിയല്‍ കാലത്ത് പണിത നിര്‍മിതികള്‍ക്ക് പകരം പുതിയ പാര്‍ലമെന്റ് കെട്ടിടം, മന്ത്രാലയങ്ങളുടെ ഓഫീസുകള്‍, സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ വസതി, ഉപരാഷ്ട്രപതിയുടെ വസതി എന്നിവ നിര്‍മിക്കാനും രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള കര്‍ത്തവ്യ പഥിന്റെ പരിഷ്കരണം ഇതൊക്കെയാണ് കോടികള്‍ മുടക്കിയുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
പദ്ധതി ഏതാണ്ട് പൂര്‍ണതയിലേക്ക് അടുക്കുകയാണ്. ഇതിന്റെ ഭാഗമായി പഴയ ഓഫീസുകളില്‍ നിന്ന് പുതിയതിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രാലയങ്ങള്‍. അതില്‍ ആദ്യം മാറുക ആഭ്യന്തര മന്ത്രാലയമാകും. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര മന്ത്രാലയം ദിവസങ്ങള്‍ക്കുള്ളില്‍ പുതിയതായി നിര്‍മിച്ച ആധുനിക സൗകര്യങ്ങളുള്ള പുതിയ ഓഫീസിലേക്ക് മാറും. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ ഓഫീസ് കഴിഞ്ഞ ആഴ്ച പുതിയ കെട്ടിടത്തിലേക്ക് മാറിയിരുന്നു. മന്ത്രാലയം പുതിയ കെട്ടിടത്തിലേക്ക് മാറുന്ന പ്രവൃത്തിയുടെ 25 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു.
നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് മന്ത്രാലയങ്ങള്‍ക്കായി പണിത പുതിയ കെട്ടിടമുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ആഭ്യന്തര സുരക്ഷ, അതിര്‍ത്തി നിയന്ത്രണം, ജമ്മു കശ്മീര്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നീ വകുപ്പുകള്‍ ഒരേ കെട്ടിടത്തിലേക്ക് മാറും. വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയവും ഏകോപനവും വളരെ പെട്ടെന്ന് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സമാനമായി മറ്റ് മന്ത്രാലയങ്ങള്‍ക്കും സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ പെടുത്തി ഏകോപിത ആസ്ഥാനം നിര്‍മിക്കുന്നുണ്ട്. ഇവയുടെ പണികള്‍ പൂര്‍ത്തിയായി വരുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി കര്‍ത്തവ്യ പഥ് മോടിപിടിപ്പിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരവും നിര്‍മിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊളോണിയല്‍ കാലത്തെ നിര്മിതികളില് നിന്ന് പൂര്‍ണമായൊരു മാറ്റമാണ് ഉണ്ടാവുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.