തിരുവനന്തപുരം: വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്നും അവര്‍ പാകിസ്താനുവേണ്ടി ചാരപ്രവര്‍ത്തി നടത്തിയിരുന്ന വ്യക്തിയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം സര്‍ക്കാര്‍ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ എന്നും അപവാദപ്രചാരണങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.ടൂറിസം വകുപ്പിന്റെ പ്രമോഷന് പരിപാടിക്കായാണ് ഹരിയാണയിലെ വ്ളോഗറായ ജ്യോതി (33) കേരളത്തില്‍ എത്തിയത് എന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു.ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന് നടത്തിയവരുടെ പട്ടികയിലാണ് ജ്യോതിയുടെ പേരുള്ളത്. 41 പേരായിരുന്നു ആകെ ക്ഷണിതാക്കള്‍. ജ്യോതി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേതനത്തിന് പുറമെ താമസം, ഭക്ഷണം, യാത്ര എന്നിവ ഒരുക്കിനല്കിയതും ടൂറിസം വകുപ്പായിരുന്നു.
പരിപാടിയുടെ ഭാഗമായി ആലപ്പുഴ, മൂന്നാര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ജ്യോതി ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തത് എന്നും വിവരാവകാശ രേഖയില്‍ പറയുന്നു. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തി എന്ന പരാതിയില്‍ അറസ്റ്റിലായ ജ്യോതി സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് കേരളത്തിലെത്തിയത് എന്ന വിവരം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെയടക്കം വിമര്‍ശിച്ച് മന്ത്രി മുന്നോട്ടുവന്നത്. ചാരപ്രവര്ത്തിയില് ഏര്‍പ്പെട്ട ഒരാളെ വിളിച്ചുവരുത്തി അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന സര്‍ക്കാരോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളത്. അത്തരം പശ്ചാത്തലമുള്ള ഒരാളെ സര്‍ക്കാര്‍ മനപ്പൂര്‍വം ഇങ്ങോട്ട് കൊണ്ടുവരും എന്ന് തോന്നുന്നുണ്ടോ? ജ്യോതി നടത്തിയ ചാരപ്രവര്ത്തിയില് ടൂറിസം വകുപ്പിന് പങ്കുണ്ടോ എന്നാണോ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്? മന്ത്രി ചോദിച്ചു.
ടൂറിസം വകുപ്പിന്റെ പ്രമോഷന് പരിപാടികള്‍ക്കും മറ്റുമായി കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന രീതിയില്‍ തന്നെയാണ് ജ്യോതി ഉള്‍പ്പെടെയുള്ള ഇന്‍ഫ്ളുവന്‍സര്‍മാരെയും വിളിച്ചിട്ടുള്ളത്. അതില്‍ സര്‍ക്കാരിനോ വകുപ്പ് മന്ത്രിക്കോ പ്രത്യേകിച്ച് പങ്കില്ല. ദുഷ്പ്രചാരണം നടത്തുന്നവര്‍ ചെയ്തോട്ടെ, പേടിയില്ല, മന്ത്രി റിയാസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.