കൊല്ലം: സ്കൂളില്‍ സുരക്ഷയില്ലാതെ കടന്നുപോയ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദര്‍ശനത്തിന് വെച്ചു.
നല്ല ഭാവിയുടെ ആശ്രയകേന്ദ്രമായി കണ്ട ആ വിദ്യാലയ മുറ്റത്ത് കൂട്ടുകാര്‍ക്കു മുന്നില്‍ മിഥുൻ ചലനമറ്റു കിടന്നു. രണ്ടുദിവസംമുന്‍പുവരെ ചിരിച്ചും കളിച്ചും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അവനെ ചേതനയറ്റ് കാണേണ്ടി വന്നതിന്റെ സങ്കടം കൂട്ടുകാരിൽ കണ്ണീരായി. അധ്യാപകരടക്കം കണ്ടുനിന്നവരൊക്കെ വിങ്ങിപ്പൊട്ടി.ഭാവിയില്‍ പട്ടാളക്കാരനാവാന്‍ കൊതിച്ചിരുന്ന മിഥുൻ സ്കൂളിലെ എന്‍സിസി കേഡറ്റാവാന്‍ ഉടുപ്പുവരെ തയ്പ്പിക്കാന്‍ കൊടുത്തിരുന്നു.
ആ യൂണിഫോമണിഞ്ഞ് പരേഡ് നടത്തേണ്ടിയിരുന്ന മുറ്റത്ത് ചേതനയറ്റു നിന്ന അവനെ, സ്കൂളിലെ എന്‍സിസി കേഡറ്റുകള്‍ റോഡ് മാര്‍ച്ച് നടത്തി സ്കൂള്‍ മുറ്റത്തെത്തിച്ചു. മിഥുനെ ഒരു നോക്കു കാണാനായി നൂറുകണക്കിനാളുകളാണ് സ്കൂള്‍ മുറ്റത്ത് എത്തിയിരുന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉള്‍പ്പെടെ മിഥുനെ ഇന്നുവരെ കാണാത്തവരും അറിയാത്തവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.
https://youtu.be/oda7_G04K5A?si=TXADi9-hQ22VHKGo
ഹൃദയഭേദകമായ കാഴ്ചകള്‍ക്കായിരുന്നു സ്കൂള്‍ അങ്കണം സാക്ഷിയായത്. ഫുട്ബോളില്‍ സെലക്ഷന് കിട്ടിയതിന്റെ സന്തോഷത്തില്‍ മിഠായി വിതരണം ചെയ്തിരുന്നുവെന്നാണ് മിഥുന്റെ ഒരു കൂട്ടുകാരന് പറഞ്ഞു. സഹായമനസ്കനായ, പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടെ പെരുമാറിയ മിടുക്കനായിരുന്നു മിഥുനെന്ന് പ്രായഭേദമന്യേ എല്ലാവരും സ്മരിക്കുന്നു.
കുവൈത്തില്‍ ജോലി ചെയ്യുന്ന അമ്മ സുജ, തുര്‍ക്കിയില്‍നിന്ന് രാവിലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകന് സുജിനും അമ്മയെ കൂട്ടിക്കൊണ്ടുപോവാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. 9.50-ന് വിമാനത്താവളത്തില്‍നിന്ന് സുജയെ കൂട്ടി അവര്‍ വീട്ടിലേക്ക് പോയി. തേവലക്കര സ്കൂളില്‍നിന്ന് വീട്ടിലെത്തിച്ചശേഷം വൈകീട്ട് നാലിന് മിഥുന്റെ മൃതദേഹം സംസ്കരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.