തിരുവനന്തപുരം : ഛത്തിസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചതിൽ ആശയക്കുഴപ്പമുണ്ടായെന്നു കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍. അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് ചുമതലപ്പെടുത്തിയ ആളോ സിബിസിഐ ചുമതലപ്പെടുത്തിയവരോ അല്ല ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടപടിക്രമം പൂര്‍ത്തിയാക്കാതെ ജാമ്യഹര്‍ജി കൊടുത്താല്‍ തള്ളിക്കളയുന്നതു സ്വാഭാവികമാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ഓഫിസിലേക്കും ആശുപത്രിയിലേക്കും ജോലിക്കായി 3 പെൺകുട്ടികളുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കന്യാസ്ത്രീകൾ ആൾകൂട്ട വിചാരണ നേരിട്ടത്. പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു ജയിലിലാക്കി. കോടതിയുടെ അധികാരപരിധിയെച്ചൊല്ലി ഛത്തീസ്ഗഡ് സർക്കാർ എതിർപ്പുന്നയിച്ചതോടെ, കന്യാസ്ത്രീകൾക്ക് ഇന്നലെയും ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. ഏഴാം ദിവസവും സിസ്റ്റർമാരായ പ്രീതി മേരിയും വന്ദന ഫ്രാൻസിസും ജയിലിൽ തുടരുകയാണ്. എൻഐഎ പ്രത്യേക കോടതിയാണ് കേസ് ഇനി പരിഗണിക്കേണ്ടതെന്ന് ദുർഗ് സെഷൻസ് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയം പരിഹരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമം ബിജെപിയുടെ ഭാഗത്തുനിന്നു മാത്രമേ ഉണ്ടാകുന്നുള്ളൂവെന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞു. ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ ദീര്‍ഘനാള്‍ ജയിലില്‍ കിടത്താനുള്ള ശ്രമത്തിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കന്യാസ്ത്രീകളുടെ മോചനത്തിനായി എല്ലാ തരത്തിലുള്ള ശ്രമം നടത്തുകയാണ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഛത്തിസ്ഗഡില്‍ എത്തി അധികൃതരുമായി ചര്‍ച്ചകള്‍ തുടരുന്നു. സന്തോഷകരമായ വാര്‍ത്തയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തിരിച്ചു നാട്ടിലേക്കു പുറപ്പെട്ടു കഴിഞ്ഞപ്പോഴാണ് പെട്ടെന്നു ജാമ്യാപേക്ഷ നല്‍കിയത്. ആരാണ് ഇത്തരത്തില്‍ ജാമ്യഹര്‍ജി നല്‍കിയതെന്നു കണ്ടുപിടിക്കണമെന്നു മന്ത്രി പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കാതെ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും അതു തള്ളപ്പെടുകയുമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. കന്യാസ്ത്രീകള്‍ കൊണ്ടുപോയ കുട്ടികള്‍ ക്രിസ്ത്യാനികള്‍ ആണോ എന്നു കോടതിയാണ് പറയേണ്ടതെന്നു ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് അദ്ദേഹത്തിന് ഉത്തമബോധ്യം ഉള്ളതുകൊണ്ടായിരിക്കും. പക്ഷേ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ പക്ഷം പിടിച്ചു പ്രതികരിക്കാന്‍ മന്ത്രിയായതിനാല്‍ തനിക്കു കഴിയില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.