മുംബൈ; മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ 13 വർഷത്തിനുശേഷം ബാൽതാക്കറെയുടെ വസതിയായ ‘മാതോശ്രീ’യിലെത്തി.
ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ ജൻമദിനത്തിൽ പങ്കെടുക്കാനായിരുന്നു സന്ദർശനം.ബാൽതാക്കറെ 2012ൽ മരിച്ചപ്പോഴാണ് രാജ് അവസാനമായി മാതോശ്രീയിലെത്തിയത്.ശിവസേനയുടെ പിൻഗാമിയെച്ചൊല്ലിയുള്ള ഭിന്നതകളെ തുടർന്നാണ് ഇരുവരും അകന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷം ഇരുവരും ഈ മാസം ആദ്യം വേദി പങ്കിട്ടിരുന്നു. 1–5 ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഉദ്ധവും രാജും മറ്റു പ്രതിപക്ഷ കക്ഷികളും ചേർന്നു പരാജയപ്പെടുത്തിയതിന്റെ വിജയാഘോഷ പരിപാടിയിലാണു താക്കറെ സഹോദരങ്ങൾ ഏറെക്കാലത്തെ പിണക്കം മറന്ന് ഒന്നിച്ചത്.ശിവസേനാ സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദരന്റെ പുത്രനാണു രാജ്. 2005ൽ മകൻ ഉദ്ധവിനെ പിൻഗാമിയാക്കാൻ ബാൽ താക്കറെ തീരുമാനിച്ചതോടെ, രാജ് ശിവസേനയിൽനിന്നു പടിയിറങ്ങുകയായിരുന്നു.
2006ൽ അദ്ദേഹം മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) രൂപീകരിച്ചെങ്കിലും തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിന്റെ പാർട്ടിക്കു ശക്തി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.അതിനിടെ, 2022ൽ ശിവസേന പിളർത്തിയ ഏക്നാഥ് ഷിൻഡെ പ്രമുഖ നേതാക്കളെയെല്ലാം അടർത്തിമാറ്റി ബിജെപിയുമായി കൈകോർത്തതോടെ ഉദ്ധവിന്റെ ശക്തി കുറഞ്ഞിരുന്നു. തുടർന്നു നടന്ന തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണ് ഇതുവരെ ശത്രുവായി കരുതിയിരുന്ന രാജുമായി കൈകോർക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ മുംബൈയിൽ തിരിച്ചടിയേറ്റാൽ ഉദ്ധവ് വിഭാഗത്തിനു രാഷ്ട്രീയത്തിലേക്കു പിന്നെയൊരു തിരിച്ചുവരവ് എളുപ്പമല്ല.
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, രാഷ്ട്രീയത്തിലെ പുതിയൊരു കൂട്ടുകെട്ടിന്റെ തുടക്കമാകുമോയെന്നാണ് രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കുന്നത്.മുംബൈ ബാന്ദ്ര ഈസ്റ്റിലാണ് താക്കറെ കുടുംബത്തിന്റെ അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഭവനം. 1960ലാണ് ഉദ്ധവിന്റെ പിതാവ് ബാൽതാക്കറെ ബാന്ദ്ര ഈസ്റ്റിലെ കലാനഗറിൽ ‘മാതോശ്രീ’ക്കായി സ്ഥലം കണ്ടെത്തുന്നത്. 1966 ജൂൺ 19ന് റനാഡെ റോഡിലുള്ള താക്കറെ കുടുംബ വീട്ടിലാണ് ശിവസേനയുടെ ഉദയമെങ്കിലും പാർട്ടിയുടെ അഭൂതപൂർവമായ വളർച്ചയ്ക്കു കാരണമായ തീരുമാനങ്ങളെല്ലാമുണ്ടായത് മാതോശ്രീയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.