തിരുവനന്തപുരം : കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപകനെയും മറ്റ് ഉദ്യോഗസ്ഥരെയും വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
‘‘എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈന്‍...?
എച്ച്എമ്മിനും പ്രിന്‍സിപ്പലിനും ഒക്കെ എന്താണു ജോലി? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടേ. കേരളത്തിലെ 14,000 സ്കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നോക്കാന്‍ പറ്റില്ലല്ലോ. ഒരു സ്കൂളിന്റെ അധിപനായി ഇരിക്കുമ്പോള്‍ സര്‍ക്കാരില്‍നിന്നുള്ള നിര്‍ദേശം വായിച്ചെങ്കിലും നോക്കേണ്ടേ? ഒരു മകനാണു നഷ്ടപ്പെട്ടത്. അനാസ്ഥയുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കും.
സ്കൂള്‍ തുറക്കുന്നതിനു മുന്‍പ് പല തവണ യോഗം ചേര്‍ന്ന് എല്ലാവരോടും സംസാരിച്ചതാണ്. ചെയ്യേണ്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥരോടു പലതവണ പറഞ്ഞു. വൈദ്യുതിലൈൻ സ്കൂള്‍ വളപ്പില്‍ക്കൂടി പോകാന്‍ പാടില്ലെന്നതും അങ്ങനെയുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നതും അതിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു. കെഎസ്ഇബിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോടെയാണു സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത്. പതിനാലായിരത്തോളം സ്കൂളുകള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ട്. വൈദ്യുതിലൈന്‍ ഷെഡിനോട് ചേര്‍ന്നാണു കിടക്കുന്നതെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ എന്നു പരിശോധിക്കും. ലൈന്‍ കെഎസ്ഇബിയെ കൊണ്ടു മാറ്റിക്കേണ്ട ഉത്തരവാദിത്തം പ്രധാന അധ്യാപകനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ്. കെഎസ്ഇബിക്കും ഉത്തരവാദിത്തമുണ്ട്. പരിശോധിച്ച് വേണ്ട നടപടി എടുക്കും’’ – മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ ഡയറക്ടറോട് സംഭവസ്ഥലത്തു പോയി കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് എത്തി കുട്ടിയുടെ കുടുംബത്തെ കാണുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.