കൊണ്ടോട്ടി: വീട്ടുപറമ്പിൽ തെങ്ങിൻതടം എടുത്തുകൊണ്ടിരിക്കെ, പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി മുസ്ലിം യൂത്ത് ലീഗ്. കൊണ്ടോട്ടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്കാണ് പ്രതിഷേധമാർച്ച് നടത്തിയത്. നീറാട് മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കൊല്ലം തേവക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേയാണ് വീണ്ടും കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്ന് നാട്ടുകാർ ആരോപിക്കുന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ടവർക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.
വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് മുഹമ്മദ് ഷാ ദൂരെ തെറിച്ചുവീഴുകയായിരുന്നു. ശബ്ദംകേട്ട് അടുത്ത വീട്ടിൽനിന്ന് സഹോദരന്റെ ഭാര്യ ഓടിവന്നു നോക്കിയപ്പോൾ മുഹമ്മദ് ഷാ കമ്പിയിൽ തട്ടി ഷോക്കേറ്റുകിടക്കുന്നതു കണ്ടു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയവരിൽ ഒരാൾ ഇഷ്‌ടികയെടുത്ത് കമ്പിയിൽ എറിഞ്ഞാണ് വൈദ്യുതക്കമ്പി ശരീരത്തിൽനിന്നു വേർപെടുത്തിയത്. ഓടിയെത്തിയവർ പ്രാഥമികചികിത്സ നൽകി ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടുപറമ്പിലെ തെങ്ങുകൾക്ക് തടമെടുത്ത് വളമിടാനുള്ള ശ്രമത്തിലായിരുന്നു മുഹമ്മദ് ഷാ.
വ്യാഴാഴ്ച രാവിലെ തേക്കുമരത്തിന്റെ കൊമ്പുകൾ വീണ് വൈദ്യുതക്കമ്പി പൊട്ടി മുഹമ്മദ് ഷായുടെ സഹോദരന്റെ വീട്ടിലേക്കുള്ള വൈദ്യുതി ഇല്ലാതായ വിവരം മുണ്ടക്കുളത്തെ വൈദ്യുതി സെക്‌ഷൻ ഓഫീസിലേക്ക് മൂന്നുതവണ വിളിച്ചുപറഞ്ഞിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. പന്ത്രണ്ടുമണിക്ക് എത്താമെന്ന മറുപടിയാണ് ഓഫീസിൽനിന്നു കിട്ടിയതെന്നും യഥാസമയം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിൽ ഈ ദാരുണമരണം സംഭവിക്കില്ലായിരുന്നുവെന്നും മുഹമ്മദ് ഷായുടെ ബന്ധുക്കൾ പറഞ്ഞു. പറമ്പിനുമുകളിലൂടെ പോകുന്ന വൈദ്യുതക്കമ്പികൾക്ക് കാലപ്പഴക്കമുള്ളതായി സമീപവാസികളും പറഞ്ഞു.
വൈദ്യുതലൈൻ പൊട്ടിവീണ വിവരം അറിയിച്ചിരുന്നില്ലെന്നും മരത്തിന്റെ കൊമ്പുവീണ് വൈദ്യുതി ഇല്ലാതായ വിവരം മാത്രമാണ് സമീപം താമസിക്കുന്ന കുടുംബാംഗങ്ങൾ വിളിച്ചുപറഞ്ഞതെന്നും വൈദ്യുതിബോർഡ് ജീവനക്കാർ പറഞ്ഞു. രാവിലെ പ്രധാന വൈദ്യുതിലൈനിലെ തകരാർ പരിഹരിക്കേണ്ടിവന്നിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടർ നവീൻ, ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ നന്ദകുമാർ, അസി. എക്സിക്യുട്ടീവ് എൻജിനീയർ സജിമോൾ, മുണ്ടക്കുളം സെക്‌ഷൻ എൻജിനീയർ മദൻ ദാസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
കൊണ്ടോട്ടി പോലീസിന്റെ ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: ഫാത്തിമ. ഭാര്യ: സീനത്ത്. മക്കൾ: സഫ്‌വാന, ഷിഫാന, ഷിഫാൻ. മരുമകൻ: മുജീബ്റഹ്‌മാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.