തിരുവനന്തപുരം: പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം ചോര്‍ന്നത് അന്വേഷിക്കാന്‍ കെപിസിസി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. കെപിസിസി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാനാണ് തിരുവഞ്ചൂര്‍. ഫോണ്‍ സംഭാഷണം ചോർന്നതിൽ അന്വേഷണം വേണമെന്ന് പാലോട് രവിയും ആവശ്യപ്പെട്ടിരുന്നു. ശബ്ദരേഖ പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും തന്നെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനുളള ശ്രമത്തിന്റെ ഭാഗമായി നടന്ന ചതിയാണിതെന്നുമാണ് പാലോട് രവി പറഞ്ഞത്. ഇതോടെയാണ് വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.
വാമനപുരം മണ്ഡലം ജനറല്‍ സെക്രട്ടറിയായ എ ജലീലും പാലോട് രവിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. സംഭവത്തിൽ ജലീലും പരാതി നല്‍കിയിട്ടുണ്ട്. ഫോണ്‍ സംഭാഷണം തന്റെ ഫോണില്‍ നിന്ന് പോയതല്ല, ആരോ ചോര്‍ത്തിയതാണ് അക്കാര്യത്തില്‍ അന്വേഷണം വേണം, സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങളിലും അന്വേഷണം വേണമെന്നാണ് ജലീലിന്റെ ആവശ്യം.
വിവാദ ഫോണ്‍ സംഭാഷണം മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തത് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് ജലീൽ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. രതീഷ് എന്നയാളാണ് താനും പാലോട് രവിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതെന്നും ഫോണ്‍ സംഭാഷണം അയച്ചുകൊടുത്തതിൽ തനിക്ക് തെറ്റുപറ്റിയെന്നും ജലീല്‍ പറഞ്ഞിരുന്നു.
'സംഘടനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള, എനിക്ക് സ്വാതന്ത്ര്യമുള്ള നേതാവ് എന്ന നിലയിലാണ് അങ്ങനെയെല്ലാം സംസാരിച്ചത്. സംസാരിച്ചതില്‍ തെറ്റില്ല, ഒരാള്‍ക്ക് പങ്കുവെച്ചതില്‍ എനിക്ക് തെറ്റ് പറ്റി. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ നല്ലൊരു സ്ഥാനത്ത് എത്തേണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ഞാന്‍ കാരണം ഇത്തരമൊരു നഷ്ടം പാലോട് രവിക്ക് സംഭവിച്ചതില്‍ ദുഃഖമുണ്ട്'- എ ജലീല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
എ ജലീലുമായുളള സംഭാഷണം പുറത്തുവന്നതിനു പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവെക്കുകയും ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാരമായിരുന്നു പാലോട് രവിയുടെ രാജി.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നിയമസഭയിലും കോണ്‍ഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറയുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്നും ഫോണ്‍ സംഭാഷണത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.