അമ്പലപ്പുഴ: സിനിമാരംഗങ്ങളെ അതിശയിക്കുന്ന രീതിയില്‍ ദേശീയപാതയിലൂടെ രാത്രിയില്‍ യുവാക്കളുടെ മരണപ്പാച്ചില്‍. തടയാന്‍നിന്ന പോലീസിന്റെ ജീപ്പിലുരസിയിട്ടും നിര്‍ത്താതെ പാഞ്ഞ കാറിന്റെ പിന്നിലെ ഒരു ചക്രം ഊരിപ്പോയി.
എന്നിട്ടും നിര്‍ത്താത്ത കാര്‍ എട്ടു കിലോമീറ്റര്‍ പിന്നിട്ട് നിന്നതോടെ ഇവര്‍ പിടിയിലായി. മദ്യലഹരിയിലായിരുന്നു സംഘമെന്ന് പോലീസ് പറഞ്ഞു.ഓച്ചിറ ചങ്ങംകുളങ്ങര ഗൗരി ഭവനത്തില്‍ ആദര്‍ശ് (23), കരുനാഗപ്പള്ളി സ്വദേശികളായ പ്രവീണ്‍ നിവാസില്‍ പ്രവീണ്‍ (25), ആലിന്‍കടവ് പുന്നമൂട്ടില്‍ അഖില്‍ (26), ദിലീപ് ഭവനത്തില്‍ സഞ്ജയ് (25), ഷിനാസ് മന്‍സിലില്‍ നിയാസ് (22), കാട്ടില്‍ക്കടവ് മണ്ടനത്തുതറയില്‍ ഹൗസില്‍ സൂരജ് (21) എന്നിവരാണ് കാറിലുണ്ടായിരുന്നത്. അഖിലാണ് കാറോടിച്ചത്.അബുദാബിയില്‍ ആദ്യമായി ജോലിക്കു പോകുന്ന സഞ്ജയ്യെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കാന്‍ പോകുകയായിരുന്നു ഇവര്‍. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ വിദേശയാത്ര മുടങ്ങി.
പല്ലനയില്‍ സ്കൂട്ടറിലിടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ ദേശീയപാതയിലൂടെ പാഞ്ഞുവരുന്നതായി ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് പോലീസ് കണ്‍ട്രോള്‍റൂമില്‍നിന്ന് അമ്പലപ്പുഴ സ്റ്റേഷനില്‍ വിവരം ലഭിച്ചത്. കാര്‍ മറ്റു ചില വാഹനങ്ങളിലും ഉരസുകയും ഡ്രൈവര്‍മാര്‍ വെട്ടിച്ചുമാറ്റി അപകടമൊഴിവാക്കുകയും ചെയ്തിരുന്നു.
ഇവരെ പിടികൂടാന്‍ പോലീസ് സംഘം ജീപ്പുമായി അമ്പലപ്പുഴ കച്ചേരിമുക്കില്‍ കാത്തുനിന്നു. അതിവേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ ജീപ്പിലുരസിയിട്ടും നിര്‍ത്തിയില്ല. കാക്കാഴം ഭാഗത്ത് ഡിവൈഡറിനു മുകളില്‍ കയറിയപ്പോഴാണ് പിന്നില്‍ വലതുവശത്തെ ചക്രം ഊരിപ്പോയത്. മൂന്നു ചക്രങ്ങളില്‍ പാച്ചില്‍ തുടര്‍ന്നു. പോലീസ് പിന്തുടരുന്നതു മനസ്സിലാക്കി പുന്നപ്രയിലെത്തി കിഴക്കോട്ടുള്ള റോഡിലേക്കു തിരിഞ്ഞു. അരക്കിലോമീറ്റര്‍ പിന്നിട്ട് കളരി ക്ഷേത്രത്തിനടുത്തെത്തിയപ്പോഴാണ് നിന്നുപോയത്.
വിവരമറിഞ്ഞ് പുന്നപ്ര പോലീസും റോഡിലിറങ്ങിയിരുന്നു. പ്രവീണ്‍, ആദര്‍ശ്, അഖില്‍ എന്നിവരെ കാറില്‍നിന്നാണു പിടിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മറ്റു മൂന്നുപേരെ നാട്ടുകാരുടെ സഹായത്തോടെയും പിടികൂടി. ഇവരെ അമ്പലപ്പുഴ പോലീസിനു കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കാര്‍ സുഹൃത്തിന്റേതാണെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. പൊതുമുതല്‍ നശിപ്പിച്ചതിനും മദ്യപിച്ചു വാഹനമോടിച്ചതിനും പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.പല്ലനയിൽ സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് ചിലർ കാർ തടഞ്ഞു നിർത്തി തങ്ങളെ മർദിച്ചതായി യുവാക്കൾ പോലീസിനോടു പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു കേസെടുത്തു. ഈ കേസ് തൃക്കുന്നപ്പുഴ പോലീസിനു കൈമാറുമെന്ന് അമ്പലപ്പുഴ പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.