തിരുവനന്തപുരം : സപ്ലൈകോ എംഡി ഡോ. അശ്വതി ശ്രീനിവാസിനെ ന്യൂഡൽഹിയിൽ അഡീഷനൽ റസിഡന്റ്സ് കമ്മിഷണറായി മാറ്റാനുള്ള തീരുമാനം തൽക്കാലം മരവിപ്പിച്ചേക്കും. ഓണച്ചന്തകളും വിൽപനശാലകളിൽ വൻ ഇളവും ഉൾപ്പെടെ ആസൂത്രണം ചെയ്ത് സപ്ലൈകോയും ഭക്ഷ്യപൊതുവിതരണ വകുപ്പും മുന്നോട്ടു പോകുന്നതിനിടെയാണു സപ്ലൈകോ എംഡിയെ മാറ്റാൻ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. എംഡിയെ ഇപ്പോൾ മാറ്റുന്നതിൽ മന്ത്രി ജി.ആർ.അനിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. എംഡിയുടെ സ്ഥലംമാറ്റം ഓണക്കാലം കഴിയും വരെ മരവിപ്പിക്കണമെന്നു മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും മന്ത്രി ആവശ്യപ്പെട്ടു.
ഐഎഎസുകാരെ കൂട്ടത്തോടെ മാറ്റി കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ അശ്വതി ശ്രീനിവാസിനു പകരം ദേവികുളം സബ് കലക്ടർ വി.എം.ജയകൃഷ്ണനെയാണു സപ്ലൈകോ എംഡിയായി നിയമിച്ചിരിക്കുന്നത്. ഡൽഹിയിലേക്ക് അനുകൂല സ്ഥലംമാറ്റത്തിന് അശ്വതി ശ്രീനിവാസ് താൽപര്യപ്പെട്ടിരുന്നെങ്കിലും ഓണക്കാലത്തിനു ശേഷമേ നടക്കാനിടയുള്ളുവെന്നാണ് അവർ കരുതിയതെന്നാണു സപ്ലൈകോ വൃത്തങ്ങൾ പറയുന്നത്.
ഓണച്ചന്തകൾ ഓഗസ്റ്റ് അവസാനവാരം അതേസമയം, ഓഗസ്റ്റ് അവസാനവാരം മുതൽ ഓണച്ചന്തകൾ ആരംഭിക്കാനാണ് സപ്ലൈകോ ഒരുക്കങ്ങൾ നടത്തുന്നത്. മഞ്ഞ റേഷൻ കാർഡ് ഉടമകളും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളും ഉൾപ്പെടെ 6 ലക്ഷത്തോളം പേർക്ക് ഈ വർഷവും ഓണക്കിറ്റും നൽകും. സപ്ലൈകോ നടത്തുന്ന ഓണച്ചന്തകൾ വിപുലവും കാര്യക്ഷമമാക്കാൻ സപ്ലൈകോയുടെ 5 റീജനൽ മാനേജർമാർക്കും ജില്ലകളുടെ ചുമതല വിഭജിച്ചു നൽകും. ഇവരെ എല്ലാം സപ്ലൈകോയുടെ ആസ്ഥാനമായ കൊച്ചിയിലേക്കു സ്ഥലംമാറ്റി അസാധാരണ ഉത്തരവും ഇറങ്ങി. മേഖലാ മാനേജർമാരായ എസ്.ആർ.സ്മിത (തിരുവനന്തപുരം), ആർ.ബോബൻ (കോട്ടയം), ടി.ജെ.ജയദേവ് (എറണാകുളം), ജി.സുമ (പാലക്കാട്), ഷെൽജി ജോർജ് (കോഴിക്കോട്) എന്നിവരെയാണു സ്ഥലംമാറ്റിയത്. റീജനൽ ഓഫിസുകളുടെ ചുമതല ആർക്കാണെന്നു വ്യക്തമാക്കിയിട്ടില്ല.
ഭാവിയിൽ റീജനൽ ഓഫിസുകൾ പൂർണമായി നിർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നു സൂചനയുണ്ട്. ഇതിനു മുന്നോടിയായി സപ്ലൈകോ ചെയർമാൻ ഇതു സംബന്ധിച്ചു വിവരങ്ങളും അഭിപ്രായങ്ങളും ജീവനക്കാരിൽനിന്നും ബന്ധപ്പെട്ടവരിൽനിന്നും ശേഖരിച്ചിരുന്നു. എന്നാൽ, റീജനൽ ഓഫിസുകൾ നിർത്താനുള്ള തീരുമാനം പുറത്തായാൽ ജീവനക്കാരും അവരുടെ സംഘടനകളും എതിർപ്പുമായി രംഗത്തിറങ്ങുമെന്നു കണ്ട് ഘട്ടംഘട്ടമായി റീജനൽ ഓഫിസുകൾ നിർത്തലാക്കാനാണു നീക്കമെന്നു പറയുന്നു. ആദ്യഘട്ടമായി ഭക്ഷ്യപൊതുവിതരണ വകുപ്പിൽ നിന്നു ഡപ്യൂട്ടേഷനിൽ സപ്ലൈകോയിലേക്കു നിയോഗിച്ച ജീവനക്കാരെ റീജനൽ ഓഫിസുകളിൽനിന്നു മാറ്റാനും ആലോചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.