പാരിസ്: സെപ്റ്റംബറില്‍ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സ്. ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് പൗരസമൂഹത്തെ സംരക്ഷിക്കുക എന്നതിനാണ് അടിയന്തര പരിഗണനയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്നും മക്രോണ്‍ അറിയിച്ചു.
അന്തിമമായി നാം പലസ്തീന് എന്ന രാഷ്ട്രം നിര്‍മിക്കേണ്ടതുണ്ട്. ആ രാഷ്ട്രത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുകയും അത് പ്രാപ്തമാക്കുന്നത് ഉറപ്പാക്കുകയും ചെയ്യണം. സൈനികവത്കണം കുറയ്ക്കുന്ന പലസ്തീന് നിലപാടിനെ സ്വീകരിക്കുകയും ഇസ്രയേലിനെ പൂര്‍ണമായി അംഗീകരിക്കുകയും ചെയ്തുകൊണ്ട് പശ്ചിമേഷ്യയിലെ സുരക്ഷിതത്വത്തിനായി സഹകരിക്കാം. മാക്രോണ്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന പ്രധാന യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. ഹമാസ് ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണമെന്ന നിലയില്‍ ഗാസയില്‍ ഇസ്രയേല്‍ തുടര്‍ന്നുവരുന്ന വ്യോമാക്രമണത്തെ തുടര്‍ന്ന് പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള പദ്ധതികളുമായി 140-ലധികം രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്.
എന്നാല്‍, ഫ്രാന്‍സിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് യുഎസും ഇസ്രയേലും രംഗത്തെത്തി. ഒക്ടോബര്‍ 7-നുണ്ടായ ആക്രമണത്തിനിരയായവരുടെ മുഖത്തടിയ്ക്കുന്നതിനു സമാനമായ നീക്കമാണ് ഫ്രാന്‍സിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ പറഞ്ഞു. ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഫ്രാന്‍സിന്റെ തീരുമാനമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിനുള്ള പ്രതിഫലവും ഇസ്രയേലിന്റെ അസ്തിത്വത്തിന് ഭീഷണിയുമാണ് പലസ്ത്രീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നടപടിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഗാസയില്‍ പട്ടിണി രൂക്ഷമാകുന്നതിനുപിന്നില്‍ ഇസ്രയേലാണെന്ന ആരോപണവും നെതന്യാഹു നിഷേധിച്ചു. ഫ്രഞ്ച് ചരിത്രത്തിലെ കറുത്ത ഏടാണിതെന്നും ഭീകരവാദത്തിനുള്ള സഹായമാണെന്നും ഇസ്രയേല്‍ ഉപപ്രധാനമന്ത്രി യാരിവ് ലെവിന്‍ പറഞ്ഞു.
അതേസമയം, ഫ്രാന്‍സിന്റെ നിലപാടിനെ ഹമാസ് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമത്തോടുള്ള ഫ്രാന്‍സിന്റെ പ്രതിബദ്ധതയും പലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്കുള്ള പിന്തുണയുമാണ് ഫ്രാന്‍സിന്റെ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് പലസ്തീന് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഹുസൈന് അല്‍ ഷെയ്ഖ് പറഞ്ഞു. ഫ്രാന്‍സിന്റെ തീരുമാനത്തെ അനുകൂലിക്കാനും അത് പിന്തുടരാനും ലോകത്തിലെ എല്ലാ രാജ്യങ്ങളോടും പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്, നോര്‍വേ, സ്പെയിന്, അയര്‍ലന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങള്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാമെന്ന നിലപാട് വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.