കൊച്ചി ;ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനു മുന്നോടിയായുള്ള വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുക്കാൻ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ആറു ദിവസം കേരളത്തിൽ.
വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ അദ്ദേഹം 29 വരെ കേരളത്തിലുണ്ടാവും. ആർഎസ്എസ് ആഭിമുഖ്യമുള്ള ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ചിന്തൻ ബൈഠക്കിലും തുടർന്നുള്ള വിദ്യാഭ്യാസ സെമിനാറുകളിലും മോഹൻ ഭാഗവത് പങ്കെടുക്കും. കേന്ദ്ര സർവകലാശാലയിലേത് ഉൾപ്പെടെ കേരളത്തിലെ 5 സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ ‘ജ്ഞാനസഭ’ എന്നു പേരിട്ടിരിക്കുന്ന സമ്മേളനത്തിലേക്ക് ക്ഷണിച്ചതായി സംഘാടകർ വ്യക്തമാക്കി.പിറവം വെളിയനാട് ആദിശങ്കര നിലയത്തിൽ 25 മുതൽ 27 വരെ നടക്കുന്ന ‘ചിന്തൻ ബൈഠക്കി’ൽ മോഹൻ ഭാഗവത് പങ്കെടുക്കും.
രാജ്യത്തിന്റെ മൂല്യവ്യവസ്ഥയ്ക്ക് അനുസൃതമായ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് വരുംനാളുകളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് ഈ രണ്ടു ദിവസത്തെ ചിന്തൻ ബൈഠക് രൂപം നൽകും. സംഘടനയുടെ പ്രവർത്തകർ, തിരഞ്ഞെടുത്ത വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും.27, 28 തീയതികളിൽ ഇടപ്പിള്ളി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് റിസർച്ചിൽ വച്ചാണ് ‘ജ്ഞാനസഭ’ ചേരുന്നത്.
അന്ന് നടക്കുന്ന ആദ്യ സമ്മേളനത്തിൽ എഐസിടിഇ ചെയർമാൻ പ്രഫ. ടി.ജി.സീതാറാം, വിദ്യാഭ്യാസ മന്ത്രാലയത്തിലലെ ഭാരതീയ ജ്ഞാന പരമ്പര ദേശീയ കോഓർഡിനേറ്റർ പ്രഫ. ഗാണ്ടി എസ്.മൂർത്തി, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് സെക്രട്ടറി ജനറൽ ഡോ. പങ്കജ് മിത്തൽ തുടങ്ങിയവർ പങ്കെടുക്കും. ദേശീയ വിദ്യാഭ്യാസ നയം 2020ന് അനുസൃതമായി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉദ്ദേശിച്ചിരിക്കുന്നത്.കേരളത്തിലെ കേന്ദ്ര സര്‍വകലാശാല, കാലിക്കറ്റ്, കണ്ണൂർ, കുഫോസ്, ആരോഗ്യ സർവകലാശാല എന്നിവിടങ്ങളിലെ വിസിമാരെയാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ആരോഗ്യ സർവകലാശാല വിസിയായ പ്രഫ. മോഹൻ കുന്നുമ്മലാണ് കേരള സർവകലാശാല വിസിയുടെ ചുമതലയും വഹിക്കുന്നത്. 5 വൈസ് ചാൻസർമാരേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്ന് ന്യാസിന്റെ ദേശീയ ജനറൽ സെക്രട്ടറി ഡോ. അതുൽ കോത്താരി ഇന്ന് കൊച്ചിയിൽ വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസ രംഗം സംബന്ധിച്ചും അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചു. വിദ്യാസമ്പന്നർ രാജ്യം വിടുന്നത് കേരളത്തിന്റെ മാത്രം ഉത്കണ്ഠയല്ലെന്നും രാജ്യമൊട്ടാകെ നേരിടുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.‘‘ലോകത്തെ മികച്ച സർവകലാശാലകളുടെ മുന്‍പന്തിയിലൊന്നും രാജ്യത്തു നിന്നുള്ള സര്‍വകലാശാലകളില്ല. അത് മാറ്റിയെടുക്കാനുള്ള വഴികളാണ് സമ്മേളനം ലക്ഷ്യമിടുന്നത്. കേന്ദ്ര സർവകലാശാലകൾ മാത്രമല്ല, സംസ്ഥാന സർവകലാശാലകൾക്കും ഇതിൽ പങ്കുണ്ട്.
കേരളത്തിൽ കൂടുതലുള്ളത് സംസ്ഥാന സർവകലാശാലകളായതിനാൽ ഇവയേയും മുൻപന്തിയിലെത്തിച്ചെങ്കിൽ മാത്രമേ ലക്ഷ്യം നേടാനാവൂ’’, ഡോ. കോത്താരി പറഞ്ഞു. 27ന് വൈകിട്ടു നടക്കുന്ന വിദ്യാഭ്യാസത്തിലെ ഭാരതീയത എന്ന വിഷയത്തിലുള്ള സമ്മേളനത്തിലും മോഹൻ ഭാഗവത് പങ്കെടുക്കും. ഗവർണർ രാജേന്ദ്ര അർലേക്കറും പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം അധ്യാപകരും പങ്കെടുക്കും.
അടുത്ത ദിവസം നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തെ 200ഓളം സർവകലാശാല വിസിമാർ, കേന്ദ്രീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, വിവധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ ആധ്യാത്മിക സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവരും പങ്കെടുക്കും. കേരളത്തിൽ ആദ്യമായാണ് ആർഎസ്എസ് ആഭിമുഖ്യത്തിൽ വിപുലമായ ഒരു വിദ്യാഭ്യാസ സമ്മേളനം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.