ഡബ്ലിൻ ;അയർലൻഡിലെ പ്രശസ്ത കായികതാരങ്ങളിലൊരാളായ ഡിജെ കെയറി പിന്നീട് വാർത്തകളിൽ നിറഞ്ഞത് കാൻസർ രോഗബാധിതനായതിന്റെ പേരിലാണ്. ജീവൻ നിലനിർത്താനും ചികിത്സയ്ക്കുമായി ഡിജെ കെയറി സഹായം അഭ്യർഥിച്ചു. പ്രിയപ്പെട്ട കായികതാരത്തോടുള്ള സ്നേഹം കാരണം അദ്ദേഹത്തെ സഹായിക്കാൻ അനവധി പേർ മുന്നോട്ട് വന്നു.
കോടീശ്വരൻ ഡെനിസ് ഓ'ബ്രിയൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു. 2006ൽ അന്തർകൗണ്ടി ഹർലിങ്ങിൽ നിന്ന് വിരമിച്ചപ്പോൾ, യുവ കളിക്കാർക്ക് ഒരു 'ആരാധനാപാത്ര'മായും കളിയുടെ ഒരു ഇതിഹാസമായും വാഴ്ത്തപ്പെട്ടിരുന്ന അദ്ദേഹത്തിന് അഞ്ച് ഓൾ-അയർലൻഡ് കിരീടങ്ങളും ഒൻപത് ഓൾ-സ്റ്റാർ അവാർഡുകളും ലഭ്യമായിട്ടുണ്ട്. പക്ഷേ ഈ ‘കാൻസർ വിവാദം’ ഇതിഹാസ താരത്തിന്റെ പതനത്തിലേക്കാണ് വഴിതുറന്നത്. അതിന് കാരണമായത് അദ്ദേഹം പങ്കുവച്ച ഒരു ചിത്രമായിരുന്നു.
രോഗിയായി ആശുപത്രി കിടക്കയിൽ കിടക്കുന്നതായി തോന്നിക്കുന്ന ചിത്രമാണ് ഡിജെ കെയറിയെ പിന്നീട് കോടതി കയറ്റിയത്. ആശുപത്രി കിടക്കയിൽ കിടക്കുന്നതായി തോന്നിക്കുന്ന ഈ ചിത്രത്തിൽ, കെയറിയുടെ മൂക്കിൽ ‘ട്യൂബുകൾ’ ഉള്ളതായി കാണാം. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ അത് അദ്ദേഹത്തിന്റെ മുഖത്ത് ടേപ്പ് ചെയ്ത ഐഫോൺ കേബിളാണെന്ന് വ്യക്തമാകും. 2014നും 2022നും ഇടയിൽ തനിക്ക് കാൻസറാണെന്നും ചികിത്സയ്ക്കായി പണം ആവശ്യമാണെന്നും കെയറി തന്റെ ഇരകളെ തെറ്റിധരിപ്പിച്ച് പണം കൈപ്പറ്റിയതായി പറയപ്പെടുന്നു.
എയ്ഡൻ മല്ലിഗൻ, ക്രിസ്റ്റി ബ്രൗൺ, തോമസ് ബട്ട്‌ലർ, ജെഫ്രി ഹോവസ്, നോയൽ ടൈനൻ എന്നിവരും വഞ്ചിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. പിന്നീട് സംഭവം വിവാദമായതോടെ ഡിജെ കെയറിക്കെതിരെ കേസായി. തുടർന്ന് അദ്ദേഹം ഡബ്ലിനിലെ ക്രിമിനൽ കോടതിയിൽ 10 കുറ്റങ്ങൾ സമ്മതിച്ചു. കുറ്റം സമ്മതിച്ചതോടെ ശിക്ഷ വിധിക്കുന്നതിനുള്ള തീയതി ഒക്ടോബർ 29നാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്. അന്നുവരെ കെയറിയെ കോടതി ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.