കൊച്ചി : ചാത്യാത്ത് പള്ളിപ്പെരുന്നാൾ കണ്ട് സ്കൂട്ടറിൽ മടങ്ങിവരുമ്പോഴാണ് ദമ്പതികളെ വില്യംസ് ആക്രമിച്ചത്. ‘ഒന്നു നിർത്തിയേ’ എന്ന് വില്യംസ് പറഞ്ഞപ്പോൾ ക്രിസ്റ്റഫർ സ്കൂട്ടർ നിർത്തി. പെട്ടെന്ന് കുപ്പിയിലെ പെട്രോൾ ദമ്പതികളുടെ ദേഹത്തേക്ക് ഒഴിച്ചു. പിന്നാലെ ലൈറ്റർ കത്തിച്ച് എറിഞ്ഞു. തീ ആളിയപ്പോൾ നിലവിളിച്ചുകൊണ്ട് ക്രിസ്റ്റഫറും മേരിയും അടുത്തുള്ള ജൂഡ്‌സണിന്റെ വീട്ടിലേക്ക് ഓടിക്കയറി.
വടുതല പൂവത്തിങ്കൽ വില്യംസാണ് (52) ഇന്നലെ രാത്രി എട്ടോടെ ദമ്പതികളെ ആക്രമിച്ചത്. കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫർ (54), ഭാര്യ മേരി (50) എന്നിവർ ഗുരുതരമായി പൊള്ളലേറ്റ് ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്. വില്യംസിനെ പിന്നീട് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ക്രിസ്റ്റഫറിന്റെ ശരീരത്തിൽ കഴുത്തിനും അരഭാഗത്തിനും ഇടയിലായാണ് കൂടുതൽ പെട്രോൾ വീണത്. ശരീരത്തിലെ 50 ശതമാനത്തിലേറെ പൊള്ളലുണ്ടെന്നാണ് വിവരം. മേരിയുടെ ശരീരത്തിൽ അധികം പെട്രോൾ വീണില്ല. മേരിയുടെ വസ്ത്രത്തിൽ പടർന്ന തീ അയൽവാസിയായ ജൂഡ്‌സണിന്റെ വീട്ടുകാർ വെള്ളം ഒഴിച്ചു കെടുത്തി. പക്ഷേ അപ്പോഴേക്കും ദേഹത്തേക്ക് തീ നന്നായി പടർന്നുകയറിയ ക്രിസ്റ്റഫറിന്റെ നില ഗുരുതരമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വില്യംസ് എങ്ങോട്ടു പോയെന്ന് ആരും കണ്ടില്ല. പിന്നീട് പൊലീസ് എത്തി അന്വേഷണം നടത്തിയപ്പോഴാണ് അടച്ചിട്ടവീട് കണ്ട് സംശയം തോന്നിയത്. പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുമ്പോൾ വില്യംസിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
‘വില്യംസ് ഞങ്ങളെ കത്തിച്ചു’ എന്ന് നിലവിളിച്ചുകൊണ്ടായിരുന്നു ക്രിസ്റ്റഫറും മേരിയും വീട്ടിലേക്ക് ഓടിക്കയറിയതെന്ന് അയൽവാസിയായ ജൂഡ്‌സൺ പറഞ്ഞു. തന്റെ വീട്ടിലേക്ക് അനാവശ്യമായി ഒളിഞ്ഞുനോക്കുന്ന വില്യംസുമായി പലതവണ ക്രിസ്റ്റഫർ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടയിൽ മൂന്നുവർഷം മുൻപ് വില്യംസ് ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മലം എറിഞ്ഞതായും പരാതിയുണ്ടായിരുന്നു. ഈ സംഭവത്തിൽ ക്രിസ്റ്റഫർ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് വില്യംസിനു കുടുംബത്തോടുള്ള പക ഇരട്ടിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.