ലണ്ടൻ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിൽ ചാൾസ് രാജാവിനെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞു സാൻഡ്രിങ്ഹാം കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ഇന്ത്യയിലെ ‘അമ്മയ്‌ക്കൊരു മരം’ പദ്ധതിയുടെ ഭാഗമായി രാജാവിന് മോദി വൃക്ഷത്തൈയാണ് സമ്മാനമായി നൽകിയത്. ഇന്ത്യയിൽ പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയമാണ് ‘അമ്മയ്ക്ക് ഒരു മരം’ പദ്ധതി. ‘ഹരിതാഭമായ നാളെയിലേക്കുള്ള ഒരു ചുവടുവയ്പ്പ്’ എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഏക് പെദ് മാ കേ നാം’ പദ്ധതി ആരംഭിച്ചത്.
ഏറെ സന്തോഷത്തോടെ വൃക്ഷത്തൈ സ്വീകരിച്ച രാജാവ് ഈ ശരത്ക്കാലത്ത് മരം അമ്മയായ എലിസബത്ത് രാജ്ഞിയുടെ ഓർമ്മയ്ക്കായി നട്ടുപിടിപ്പിക്കും. ചാൾസ് മൂന്നാമൻ രാജാവുമായി വളരെ നല്ല കൂടിക്കാഴ്ച നടത്തിയെന്നും സ്വതന്ത്ര വ്യാപാരക്കരാർ, വിഷൻ 2035 എന്നിവയുടെ പശ്ചാത്തലത്തിൽ വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകൾ ഉൾപ്പെടെ ഇന്ത്യ- ബ്രിട്ടൻ ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ചർച്ചയിൽ വിദ്യാഭ്യാസം, യോഗ, ആയുർവേദം എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങൾ സംസാരിച്ചുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ബ്രിട്ടൻ സന്ദർശനത്തിന് ശേഷം മോദി മാലദ്വീപിലേക്ക് പോകും. ജൂലൈ 26ന് മാലദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മോദി പങ്കെടുക്കും. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലെ വിശിഷ്ടാതിഥിയാണ് നരേന്ദ്ര മോദി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി വിപുലമായ ചർച്ചകൾ സന്ദർശനവേളയിൽ മോദി നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കിയ നിരവധി വികസന പദ്ധതികൾ സന്ദർശനത്തിനിടെ മോദി ഉദ്ഘാടനം ചെയ്യും. ചൈനീസ് അനുകൂലന നിലപാടെടുക്കുന്ന മുഹമ്മദ് മുയിസുവിന്റെ ഭരണകൂടവുമായി ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.