തിരുവനന്തപുരം: വൈദ്യശാസ്ത്ര ലോകത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ട്, മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു.
25 വയസുകാരനായ തിരുവനന്തപുരം സ്വദേശിയാണ് ഞെട്ടിക്കുന്ന അവസ്ഥ നേരിട്ടത്. വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന അതീവ ഗുരുതരമായ നിലയിലാണ് യുവാവിനെ തിങ്കളാഴ്‌ച (ജൂലൈ 29) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ നില പരിഗണിച്ച്, ഒരു നിമിഷം പോലും പാഴാക്കാതെ അടിയന്തര ശസ്ത്രക്രിയയ്ക്ക് തീരുമാനിക്കുകയായിരുന്നു. സ്വയം മുറിവേൽപ്പിച്ചതിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ല.
എന്നാൽ, യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ അനിവാര്യമായിരുന്നുവെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം പ്രൊഫസർ ഡോ. പി. ആർ. സാജു ഇടിവി ഭാരതിനോട് വ്യക്തമാക്കി. തൻ്റെ ദീർഘകാലത്തെ വൈദ്യശാസ്ത്ര അനുഭവത്തിൽ ഇങ്ങനെയൊരു സംഭവം ഇത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് യൂറോളജി സർജൻമാർക്ക് പോലും വിശ്വസിക്കാൻ പ്രയാസമുള്ള ഒരു കേസാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണഗതിയിൽ ഇത്തരമൊരു വസ്‌തു മൂത്രനാളിയിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത് അപൂർവമാണ്, അതും ഇത്രയും വലിയൊരു വയർ. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഇൻസുലേറ്റഡ് വയർ പല കഷണങ്ങളായി മുറിച്ച് വളരെ ശ്രദ്ധയോടെ പുറത്തെടുത്തത്.
ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യൂറോളജി വിഭാഗം പ്രൊഫസർ ഡോ. പി. ആർ. സാജു, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സുനിൽ അശോക്, സീനിയർ റെസിഡൻ്റുമാരായ ഡോ. ജിനേഷ്, ഡോ. അബു അനിൽ ജോൺ, ഡോ. ഹരികൃഷ്‌ണന്‍, ഡോ. ദേവിക, ഡോ. ശില്‌പ എന്നിവരും, അനസ്തേഷ്യ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അനീഷ്, സീനിയർ റെസിഡൻ്റ് ഡോ. ചിപ്പി എന്നിവരുമാണ് ഈ നിർണായക ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
സംഭവത്തിൽ മെഡിക്കൽ സംഘത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജിൻ്റെ വൈദ്യശാസ്ത്ര സംഘത്തിന് ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ ഓഫിസിൽ നിന്നും ഔദ്യോഗികമായി അഭിനന്ദന സന്ദേശവുമെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.