ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ പാർലമെന്റ് ഒരുങ്ങുന്നു. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ട്രംപിന്‍റെ അവകാശവാദങ്ങൾ തുടങ്ങിയവ ചർച്ചയായേക്കും. ഇരുസഭയിലും 16 മണിക്കൂർ വീതമാണ് ചർച്ചയ്ക്കായി സമയം നീക്കിവച്ചിരിക്കുന്നത്. പ്രധാന നേതാക്കളെ ചർച്ചയിൽ പങ്കെടുപ്പിച്ച് മേൽക്കൈ നേടാനാണു ഭരണപക്ഷമായ എൻഡിഎയും പ്രതിപക്ഷമായ ഇന്ത്യാ സഖ്യവും തയാറെടുത്തിരിക്കുന്നത്. ലോക്സഭയിൽ ഇന്നാണ് ചർച്ച. രാജ്യസഭയിൽ ചൊവ്വാഴ്ചയും.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശത്തുപോയ പ്രതിനിധി സംഘത്തിൽ ഒന്നിനെ നയിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ, ഈ വിഷയത്തിൽ ലോക്സഭയിൽ സംസാരിക്കാൻ കേന്ദ്രസർക്കാർ ക്ഷണിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ചർച്ചയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് തരൂർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണു വിവരം. അതേസമയം, വിവിധ വിഷയങ്ങൾ ചർച്ചചെയ്യണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യമെങ്കിലും ഓപ്പറേഷൻ സിന്ദൂർ വിഷയത്തിലാകും ആദ്യ ചർച്ചകളെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
ഭരണപക്ഷത്തുനിന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവർ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചയിൽ ഇടപെടുമെന്നാണു സൂചന. ബിജെപി എംപിമാരായ അനുരാഗ് ഠാക്കൂറും നിഷികാന്ത് ദുബെയും സംസാരിച്ചേക്കും. ടിഡിപിക്കായി അനുവദിച്ച 30 മിനിറ്റിൽ എംപിമാരായ ലാവു ശ്രീ കൃഷ്ണ ദേവരായലുവും ജി.എം. ഹരീഷ് ബാലയോഗിയും സംസാരിക്കാനാണ് സാധ്യത. പ്രതിപക്ഷത്തുനിന്നു ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജുൻ ഖർഗെയും സംസാരിക്കും. കോൺഗ്രസ് നേതാക്കളായ ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി ഉൾപ്പെടെയുള്ളവരും സർക്കാരിനെതിരെ രംഗത്തെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.