തിരുവനന്തപുരം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്കു രക്ഷപ്പെടാന്‍ കഴിഞ്ഞത് വലിയ സുരക്ഷാവീഴ്ചയാകുമ്പോൾ ചര്‍ച്ചയാകുന്നത് ജയില്‍ ജീവനക്കാരുടെ അപര്യാപ്ത.
പതിനായിരത്തോളം തടവുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കുറഞ്ഞത് മൂന്നു ഷിഫ്റ്റുകളായി 5,000 ജീവനക്കാര്‍ വേണ്ട സ്ഥാനത്ത് ഇപ്പോള്‍ 1,234 അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരാണുള്ളത്. 50 തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. 16 പ്രിസണ്‍ ഓഫിസര്‍മാര്‍, 447 ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാര്‍, 82 വനിതാ അസി. പ്രിസണ്‍ ഓഫിസര്‍മാര്‍ എന്നിവരാണ് നിലവില്‍ ഡ്യൂട്ടിയില്‍ ഉള്ളത്. സംസ്ഥാനത്തെ ജയിലുകളില്‍ ആകെ 2,415 തസ്തികകളും 2,289 ജീവനക്കാരുമാണുള്ളത്. 126 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.സംസ്ഥാനത്തെ ജയിലുകളില്‍ 7,367 തടവുകാരെ പാര്‍പ്പിക്കാനുള്ള അംഗീകൃതശേഷി മാത്രമുള്ളപ്പോള്‍ നിലവില്‍ 10,375 തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ അംഗീകൃതശേഷി 1,700ഓളമാണ്. എന്നാല്‍ 3,601 തടവുകാരുണ്ട്. മധ്യകേരളത്തില്‍ അംഗീകൃതശേഷി 2,346ഉം തടവുകാരുടെ എണ്ണം 3,066ഉം ആണ്. ഉത്തരകേരളത്തില്‍ 2,689 ആണ് അംഗീകൃത ശേഷി. എന്നാല്‍ 3,708 തടവുകാരാണുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 1,589 തടവുകാരാണുള്ളത്.
നെട്ടുകാല്‍തേരി തുറന്ന ജയില്‍ - 269, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ -1117, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ - 1113, തവനൂര്‍ സെന്‍ട്രല്‍ ജയില്‍ - 697 എന്നിങ്ങനെയാണ് തടവുകാരുടെ എണ്ണം.ജോലിഭാരവും കടുത്ത സമ്മര്‍ദവുമാണ് നേരിടുന്നതെന്നു ജീവനക്കാര്‍ പറയുന്നു. ജയില്‍ ചപ്പാത്തി ഉള്‍പ്പെടെ പല പദ്ധതികള്‍ നടപ്പാക്കുന്നതിനാല്‍ അതിനുള്‍പ്പെടെ ജീവനക്കാരെ വിന്യസിക്കേണ്ട അവസ്ഥയുണ്ട്.
24 മണിക്കൂര്‍ ഡ്യൂട്ടി എടുക്കേണ്ടി വരുന്നുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരുടെ എണ്ണവും ജോലിഭാരവും ചൂണ്ടിക്കാട്ടി നിരവധി തവണ സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് പുതിയ വാഹനങ്ങള്‍ ലഭിക്കാത്ത നിലയുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.