വാഷിങ്ടണ്‍ : ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. യുഎസിന്റെ ഉപരോധം നേരിടുന്ന ഇറാനില്‍നിന്ന് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങുന്നുവെന്ന് കാണിച്ചാണ് നടപടി.
എണ്ണവില്‍പനയില്‍നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കാനും സ്വന്തം ജനങ്ങളെ അടിച്ചമര്‍ത്താനും ഇറാന് വിനിയോഗിക്കുന്നുവെന്നാണ് യുഎസ് ആരോപണം. ഇറാനില്‍നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നുവെന്ന് കണ്ടെത്തിയ ആറ് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ 20 കമ്പനികള്‍ക്കാണ് ബുധനാഴ്ച യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതായി അറിയിച്ചത്.
ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രവൈറ്റ് ലിമിറ്റഡ്, ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡ്, ജുപീറ്റര്‍ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ്, റാംനിക്ലാല്‍ എസ് ഗൊസാലിയ ആന്‍ഡ് കമ്പനി, പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്, കാഞ്ചന് പോളിമേഴ്സ് എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കുമേലാണ് യുഎസ് ഉപരോധം.
ഉപരോധം നിലവില്‍ വരുന്നതോടെ ഈ കമ്പനികളുടെ യുഎസില്‍ ഉള്ളതോ യുഎസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളതോ ആയ മുഴുവന്‍ ആസ്തികളും മരവിപ്പിക്കും. മാത്രമല്ല, ഈ കമ്പനികളുമായി അമേക്കന്‍ പൗരന്മാരോ കമ്പനികളോ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിനും വിലക്കുണ്ട്.
2024 ജനുവരി മാസത്തിനും ഡിസംബര്‍മാസത്തിനും ഇടയില്‍ ഇറാനിലെ വിവിധ കമ്പനികളില്‍നിന്ന് 84 ദശലക്ഷം ഡോളറിന്റെ പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ വാങ്ങുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെതിരായ യുഎസ് ആരോപണം. 51 ദശലക്ഷം ഡോളറിന്റെ മെഥനോള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ 2024 ജൂലൈയ്ക്കും 2025 ജനുവരിക്കുമിടെ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തുവെന്നാണ് ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡിനെതിരേ ആരോപിച്ചിരിക്കുന്നത്.
2024 ജനുവരിക്കും 2025 ജനുവരിക്കുമിടെ 49 ദശലക്ഷം ഡോളറിന്റെ മെഥനോളും ടൊളുവിന്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ ഇറാനില്‍നിന്ന് ജൂപിറ്റര്‍ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് യുഎസ് പറയുന്നത്. 2024 ജനുവരിക്കും 2025 ജനുവരിക്കുമിടെ 22 ദശലക്ഷത്തിലധികം ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റാംനിക്ലാല്‍ എസ് ഗൊസാലിയ ആന്‍ഡ് കമ്പനിക്കെതിരേ ആരോപിച്ചിട്ടുള്ളത്.
2024 ഒക്ടോബറിനും 2024 ഡിസംബറിനുമിടെ 14 ദശലക്ഷം ഡോളറിന്റെ പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് യുഎസ് ആരോപിക്കുന്നു. 1.3 ദശലക്ഷം ഡോളറിന്റെ ഇറാനിയന്‍ പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ കാഞ്ചന് പോളിമേഴ്സ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് യുഎസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.