കൊച്ചി : നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ പർദ്ദ ധരിച്ചെത്തി നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. സംഘടനയ്ക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് സാന്ദ്ര മത്സരിക്കുന്നതും പർദ്ദ ധരിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയതും.
നിർമാതാക്കളുടെ സംഘടനാ ഭാരവാഹികൾക്കെതിരേ സാന്ദ്ര നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ആ കേസ് ഇപ്പോഴും തുടരുകയാണ്. ഇതു മുൻനിർത്തിയാണ് പ്രതിഷേധ സൂചകമായി പർദ്ദ ധരിച്ച് എത്തിയത്.
സിനിമാ മേഖലയിൽനിന്ന് തന്നെ മാറ്റിനിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സാന്ദ്ര തുറന്ന് പറഞ്ഞിരുന്നു. തനിക്ക് സിനിമ നൽകരുതെന്ന് മേഖലയിലെ മറ്റുള്ളവരോടും നിർദേശിച്ചിരിക്കുകയാണ്. സംഘടനായോഗത്തിൽവെച്ച് തന്നെ അപമാനിച്ചുവെന്നും സാന്ദ്രാ തോമസ് മുൻപ് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനും നിർമാതാവ് ആന്റോ ജോസഫിനും എതിരായ പരാതിയിൽ പറഞ്ഞിരുന്നു.
നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്‌ക്കെതിരേ ഉന്നയിച്ച വിമർശനങ്ങളിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടർന്ന് സംഘടന കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.