തൃശൂർ : കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ജയിൽചാടിയ ഗോവിന്ദച്ചാമി ഇനി കഴിയുക ഇന്ത്യയിലെ തന്നെ അതീവ സുരക്ഷാ ജയിലുകളിലൊന്നായ വിയ്യൂരിൽ. ഇവിടുത്തെ തടവുകാരിൽ പലരും കൊടും കുറ്റവാളികളാണ്. 17 ജയിലുകൾ അടങ്ങുന്ന സെൻട്രൽ സോണിലെ ഏറ്റവും പ്രധാന ജയിലാണ് വിയ്യൂർ സെൻട്രൽ ജയിൽ. തടവുകാരെ പാർപ്പിക്കാൻ നാലു ബ്ലോക്കുകളിലായി 44 സെല്ലുകളാണ് ഇവിടെയുള്ളത്. ജയിലിൽ 523 പേരെ പാർപ്പിക്കാനുള്ള സൗകര്യമേ ഉള്ളൂവെങ്കിലും എഴുനൂറിനടുത്താണ് എപ്പോഴത്തെയും അംഗസംഖ്യ. ഇപ്പോൾ 125 കൊടുംകുറ്റവാളികളാണ് ജയിലിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ആറു തടവുകാർക്ക് ഒരു വാർഡൻ എന്ന അനുപാതത്തിൽ നിയമനങ്ങൾ നടത്തണമെന്നാണ് ചട്ടം.
ഇവിടെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. സെല്ലിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ പറ്റില്ല. ഭക്ഷണം കഴിക്കാൻ പോലും പുറത്തേക്കിറങ്ങാൻ സാധിക്കില്ല. ഒൻപതര ഏക്കറിൽ 730 മീറ്റർ ചുറ്റളവുള്ള മതിൽ കെട്ടിനകത്താണു ജയിലുള്ളത്. മതിലിൽനിന്നു 50 മീറ്റർ അകലത്തിലാണു ജയിൽ കെട്ടിടം. പ്രാഥമിക സൗകര്യങ്ങൾക്കു പുറമെ അഗ്നിരക്ഷാ സംവിധാനവും സിസിടിവി ക്യാമറയും സെല്ലുകളിൽ ഉണ്ട്. കോടതി നടപടികൾക്കായി പോലും തടവുകാരെ പുറത്തിറക്കാതിരിക്കാൻ വിഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ വിചാരണ നടത്താം. റഫറൽ ആശുപത്രികളിലേക്കു നേരിട്ടു കൊണ്ടുപോകാതെ ടെലി മെഡിസിൻ സംവിധാനവുമുണ്ട്.15 മീറ്റർ ഉയരമുള്ള നാലു വാച്ച് ടവറുകളിൽ നൈറ്റ്‌വിഷൻ ബൈനോക്കുലർ, ഹൈ ബീം സർച്ച് ലൈറ്റ്, വാക്കി ടോക്കി സജീകരണങ്ങളോടെ ആയുധധാരികളായ ഗാർഡുകളുമുണ്ടാകും. 250ൽ പരം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ നിരീക്ഷിക്കും.
ശക്തമായ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ചയാണ് കണ്ണൂരിലെ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി ചാടിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 4 കിലോ മീറ്റർ അകലെനിന്ന് ഇയാള്‍ പിടിയിലാകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.