പട്ന: ബിഹാർ വോട്ടർ പട്ടിക പുനഃപരിശോധനാ പ്രക്രിയയുടെ ഭാഗമായി 52 ലക്ഷം പേരുകൾ നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. മരിച്ച 18 ലക്ഷം വോട്ടർമാർ, മറ്റ് നിയോജക മണ്ഡലങ്ങളിലേക്ക് താമസം മാറിയ 26 ലക്ഷം പേർ, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏഴ് ലക്ഷം പേർ എന്നിവരാണ് നീക്കം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നതെന്ന് കമ്മീഷൻ അറിയിച്ചു.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ യോഗ്യരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ ബിഹാറിലെ പുനഃപരിശോധനാ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരുത്തലുകൾ വരുത്താൻ അവസരമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു നൽകി.
ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെ ഒരു മാസം മുഴുവൻ, കരട് വോട്ടർ പട്ടികയിലെ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ, തിരുത്തലുകൾ എന്നിവ സംബന്ധിച്ച് ആക്ഷേപങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടാകുമെന്നും പ്രസ്തവാനയിൽ പറയുന്നു. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായ ശേഷം സെപ്റ്റംബർ 30-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാത്തതോ ലിസ്റ്റ് ചെയ്ത വിലാസങ്ങളിൽ കണ്ടെത്താൻ കഴിയാത്തതോ ആയ വോട്ടർമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കമ്മീഷൻ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ), ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവർ രാഷ്ട്രീയ പാർട്ടികളുമായി യോഗങ്ങൾ നടത്തുകയും അപേക്ഷകൾ ലഭ്യമല്ലാത്ത 21.36 ലക്ഷം വോട്ടർമാരുടെ പട്ടിക പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.