തിരുവനന്തപുരം: കേരള സർവകലാശാലയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ തുടങ്ങിയ പോര് അവസാനിപ്പിക്കാനുള്ള സർക്കാർ ഇടപെടലിൽ വിസിയുടെ നിലപാട് തിരിച്ചടി. റജിസ്ട്രാർ കെഎസ് അനിൽകുമാറിൻ്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട തൻ്റെ നിലപാടിൽ വിസി മോഹനൻ കുന്നുമ്മൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സിൻഡിക്കേറ്റ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന മന്ത്രിയുടെ നിർദേശം അദ്ദേഹം തള്ളി. എന്നാൽ സിൻഡിക്കേറ്റും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് ഉള്ളത്.
താൻ സസ്പെൻഡ് ചെയ്‌ത റജിസ്ട്രാർ അനിൽകുമാർ ആദ്യം പുറത്തുപോകണമെന്നാണ് വിസി മോഹനൻ കുന്നുമ്മൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനോട് വ്യക്തമാക്കിയത്. അതിന് ശേഷം സിൻഡിക്കേറ്റ് യോഗം വിളിക്കുന്നതിനെ കുറിച്ച് ആലോചിക്കാം. താത്കാലിക റജിസ്ട്രാർ മിനി കാപ്പന് മുഴുവൻ ചുമതലയും കൈമാറണെന്നും ഫയലുകളുടെ ചുമതലയും മിനി കാപ്പന് ലഭിക്കണമെന്നും വിസി മന്ത്രിയോട് ആവശ്യപ്പെട്ടു. അടിയന്തര സിൻഡിക്കേറ്റ് വിളിച്ച് പ്രശ്നം പരിഹരിക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
വിട്ടുവീഴ്ചയില്ലാതെ ഇടതു സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി നിയമപരമല്ലെന്നും നിയമം വിട്ട് പ്രവർത്തിച്ചത് വിസിയാണെന്നും അംഗങ്ങൾ വിമർശിക്കുന്നു. റജിസ്ട്രാർ അനിൽകുമാർ അവധിയിൽ പോകേണ്ടതില്ല. തർക്കം തീർക്കാൻ വി സി അവധിയിൽ പോകട്ടെയെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്. അതിനിടെ ഇപ്പോൾ നടക്കുന്ന ചർച്ചകളെ കുറിച്ച് അറിയില്ലെന്ന് റജിസ്ട്രാർ അനിൽകുമാർ വ്യക്തമാക്കി. തന്നെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ചർച്ചയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിലെ സമവായ നീക്കങ്ങൾക്കിടെ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ വൈകാതെ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. രാഷ്ട്രീയ പോരിന് കാരണമായ ഭാരതാംബ വിവാദത്തിൽ അടക്കം വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്നു രാത്രി ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.