ഡൽഹി ;ചന്ദ്രന്റെ മണ്ണില്‍നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കുന്നതിലും അതുപയോഗിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ഓക്സിജനും ഇന്ധനവുമായി ബന്ധപ്പെട്ട രാസവസ്തുക്കളുമാക്കി മാറ്റുന്നതിലും വിജയിച്ച് ഗവേഷകര്‍.
ചന്ദ്രനില്‍ മനുഷ്യന് അതിജീവനം അനായാസമാക്കുന്ന ഒരു നൂതന സാങ്കേതികവിദ്യ എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ജലം, ഓക്സിജന്‍, ഇന്ധനം തുടങ്ങിയ അവശ്യ വിഭവങ്ങള്‍ക്കായി ഭൂമിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് നിര്‍ണായക കണ്ടുപിടുത്തം. ചന്ദ്രനില്‍ മനുഷ്യന്റെ അതിജീവനം സാധ്യമാക്കുന്നതിനൊപ്പം കൂടുതല്‍ ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് വഴിയൊരുക്കുന്നതുമാണ് കണ്ടെത്തലെന്ന് ജൂള്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നു.വിദൂര പ്രപഞ്ച പര്യവേക്ഷണങ്ങള്‍ക്കായി ചന്ദ്രനെ ഒരു ഇടത്താവളമായി ഉപയോഗിക്കാമെന്ന ആശയം ബഹിരാകാശ ഏജന്‍സികള്‍ മുന്‍കാലങ്ങളില്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ആവശ്യമായ ഇന്ധനം, വെള്ളം, മറ്റ് വിഭവങ്ങള്‍ എന്നിവ ചന്ദ്രനില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും വിലയിരുത്തപ്പെട്ടിരുന്നു. ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നത് ചെലവേറിയതായിരിക്കും എന്നതാണ് ഇത്തരത്തില്‍ ഇടത്താവളമായി ഉപയോഗിക്കുന്നതിന് പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
കാരണം ചരക്കിന്റെ പിണ്ഡം കൂടുന്തോറും ബഹിരാകാശത്തേക്ക് സാധനങ്ങളെത്തിക്കാന്‍ റോക്കറ്റിന് കൂടുതല്‍ പ്രയത്നിക്കേണ്ടിവരും. ഒരു ഗാലന് വെള്ളം ചന്ദ്രനിലെത്തിക്കാന്‍ 83,000 ഡോളര്‍ ചിലവാകുമെന്നും എന്നാല്‍ ഓരോ ബഹിരാകാശയാത്രികനും പ്രതിദിനം 4 ഗാലന് വെള്ളം കുടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കണക്കാക്കിയിരുന്നു.
ചാന്ദ്രമണ്ണില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കാനുള്ള മുന്‍കാല ശ്രമങ്ങള്‍ക്ക് വലിയ അളവില്‍ ഊര്‍ജ്ജം ആവശ്യമായിരുന്നു, കൂടാതെ ഇന്ധനത്തിനും മറ്റ് അവശ്യ ഉപയോഗങ്ങള്‍ക്കുമായി CO2 വിഘടിപ്പിച്ചിരുന്നുമില്ല. എന്നാല്‍ ഇപ്പോള്‍ ഈ പുതിയ സംവിധാനം ആ പ്രശ്നങ്ങളെ മറികടക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചാന്ദ്ര മണ്ണിനുള്ള മാന്ത്രിക കഴിവിനെക്കുറിച്ച് സങ്കല്പ്പിക്കാന് പോലും കഴിഞ്ഞിരുന്നില്ലെന്ന് ഹോങ്കോങ്ങിലെ ചൈനീസ് സര്‍വകലാശാലയിലെ ലു വാങ് പറയുന്നു. ചാന്ദ്രജലം വേര്‍തിരിക്കുന്നത് അടക്കമുള്ളവ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചെലവും സങ്കീര്‍ണതയും കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തതായി Space.com റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാന്ദ്രമണ്ണില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കുകയും, ബഹിരാകാശയാത്രികര്‍ പുറത്തുവിടുന്ന CO2-നെ കാര്‍ബണ്‍ മോണോക്സൈഡും (CO) ഹൈഡ്രജന്‍ വാതകവുമാക്കി മാറ്റാന്‍ ആ വെള്ളം നേരിട്ട് ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സാങ്കേതികവിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചത്. ഇവ പിന്നീട് ഇന്ധനങ്ങളും ബഹിരാകാശയാത്രികര്‍ക്ക് ശ്വസിക്കാനുള്ള ഓക്സിജനും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. സൂര്യപ്രകാശത്തെ താപമാക്കി മാറ്റുന്ന ഒരു നൂതന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഈ സാങ്കേതികവിദ്യ ലബോറട്ടറിയില്‍ വിജയകരമായിരുന്നു എന്ന് ഗവേഷകര്‍ പറഞ്ഞു.
എന്നിരുന്നാലും, കഠിനമായ താപനില വ്യതിയാനങ്ങള്‍, തീവ്രമായ റേഡിയേഷന്, കുറഞ്ഞ ഗുരുത്വാകര്‍ഷണം എന്നിവയുള്‍പ്പെടെ ചന്ദ്രനിലെ കഠിനമായ പരിസ്ഥിതി, ചാന്ദ്രോപരിതലത്തിലെ ഇതിന്റെ ഉപയോഗത്തെ സങ്കീര്‍ണ്ണമാക്കുന്ന വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.