കൊച്ചി; ബോഡി ഷെയ്മിങും റാഗിങ് കുറ്റമാക്കുന്നതു ഉൾപ്പെടെ 1998ലെ റാഗിങ് വിരുദ്ധ നിയമത്തിൽ കാലാനുസൃത മാറ്റം വരുത്താനായി പുതിയ നിയമത്തിന്റെ കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. കരടിന് അന്തിമ രൂപം നൽകാൻ സർക്കാർ രണ്ടു മാസം സമയം തേടി.
കേരള ലീഗൽ സർവീസസ് അതോറിറ്റിയും (കെൽസ) യുജിസിയും മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങൾ ഉൾപ്പെടെ പരിഗണിക്കാൻ നിർദേശം നൽകിയ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാൻ മാറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മറ്റു സ്ഥാപനങ്ങൾ,അനുബന്ധ സ്ഥാപനങ്ങൾ, അക്കാദമിക്, റെസിഡൻഷ്യൽ, കളി സ്ഥലങ്ങൾ, കന്റീനുകൾ, ബസ് സ്റ്റാൻഡ്, ഹോം സ്റ്റേകൾ, വിദ്യാർഥികൾ ആശ്രയിക്കുന്ന ഗതാഗത ഉപാധികൾ എന്നിങ്ങനെ പഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉപയോഗിക്കുന്ന പൊതു സ്വകാര്യ ഇടങ്ങളെല്ലാം നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിർവചനത്തിൽ സംസ്ഥാനത്തെ എല്ലാ കോച്ചിങ്, ട്യൂഷൻ സെന്ററുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. തെറ്റായ പരാതികളാണെങ്കിൽ ശിക്ഷിക്കും.
റാഗിങ്ങിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കു ബിഎൻഎസ്,ഐടി നിയമം,എൻഡിപിഎസ് നിയമം തുടങ്ങിയവയിലെ വകുപ്പുകളായിരിക്കും ചുമത്തുക. ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്ത് കരടിന് അന്തിമരൂപം നൽകുന്നതിനായാണ് രണ്ട് മാസം കൂടി സമയം തേടുന്നതെന്ന് സർക്കാരിനായി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി വിശദീകരിച്ചു.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിദ്യാർഥി സൗഹൃദ ആന്റി–റാഗിങ് സെൽ സ്ഥാപിക്കും. സബ് ഇൻസ്പെക്ടറുടെയോ സീനിയർ സിവിൽ പൊലീസ് ഓഫിസറുടെയോ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ബീറ്റ് ഓഫിസറായി നിയമിക്കും. റാഗിങ്ങിന് ഇരയായവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ വ്യവസ്ഥയുണ്ടാകും. വിവരങ്ങൾ മാധ്യമങ്ങളും നൽകരുതെന്നാണു നിർദേശം.
കെൽസ നിർദേശങ്ങൾ കരട് നിയമത്തിൽ ഫ്രഷർ (നവാഗതർ) എന്ന പ്രയോഗം ഒഴിവാക്കണമെന്ന് കെൽസ ആവശ്യപ്പെട്ടു. ഏത് വിദ്യാർഥിയും റാഗിങ്ങിന് ഇരയാകുകയോ റാഗ് ചെയ്യുകയോ ചെയ്യാം എന്നത് കണക്കിലെടുത്താണ് നിർദേശമെന്നു ഹാജരായ അഡ്വ. എ.പാർവതി മേനോൻ അറിയിച്ചു. സംസ്ഥാനതല മേൽനോട്ട സെല്ലിൽ കെൽസയുടെ പ്രതിനിധിയെയും ഉൾപ്പെടുത്തണം. റാഗിങ്ങിനെക്കുറിച്ചു വിദ്യാഭ്യാസ സ്ഥാപന അധികൃതർ അറിയിക്കാതിരിക്കുന്നത് പ്രേരണയായി കണക്കാക്കി കുറ്റകരമാക്കണം. പുതിയ നിയമത്തിലെ വ്യവസ്ഥകൾ യുജിസി റെഗുലേഷന് എതിരാകരുതെന്ന് യുജിസി നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.