ന്യൂഡൽഹി: ഡൽഹിയിലെ ഉത്തം നഗറിൽ ഷോക്കേറ്റ് മരിച്ചുവെന്ന് കരുതിയ മുപ്പത്താറുകാരന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയും കസിനും തമ്മിലുള്ള ചാറ്റുകൾ കണ്ടെടുത്തതോടെ കൊലപാതകത്തിലെ ആസുത്രണവും പുറത്ത് വന്നിരിക്കുകയാണ്. സംഭവത്തിൽ ഭാര്യ സുസ്മിതയെയും ഭർത്താവ് കരൺ ദേവിന്റെ കസിൻ രാഹുലിനെയും അറസ്റ്റ് ചെയ്തു.
ജൂലായ് 13-ന് രാവിലെ വെസ്റ്റ് ഡൽഹിയിലെ ജനക്പുരിയിലെ ആശുപത്രിയിലാണ് കരൺ ദേവിന്റെ മരണം സ്ഥിരീകരിക്കുന്നത്. വീട്ടിൽവെച്ച് ഷോക്കേറ്റതാണെന്നാണ് സുസ്മിത പറഞ്ഞിരുന്നത്. സ്വാഭാവിക മരണമാണെന്ന് വിശ്വസിച്ച് കുടുംബം പോസ്റ്റുമോര്‍ട്ടം വേണ്ടെന്നുവെച്ചു. എന്നാൽ, മരിച്ചയാളുടെ പ്രായക്കുറവും സാഹചര്യങ്ങളും കണക്കിലെടുത്ത് പോലീസ് പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് നിർബന്ധം പിടിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഹരിനഗറിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് അയച്ചു.
ദിവസങ്ങൾക്ക് ശേഷം, ഇൻസ്റ്റഗ്രാമിൽനിന്ന് കണ്ടെടുത്ത സംഭാഷണങ്ങൾ അന്വേഷണത്തിന്റെ ഗതി മാറ്റുകയായിരുന്നു. കരണിന്റെ പിതാവിന്റെ സഹോദരപുത്രനായ രാഹുലും സുസ്മിതയും തമ്മിലുള്ള ചാറ്റുകൾ കരണിന്റെ സഹോദരൻ കുനാൽ ദേവ് കണ്ടെത്തി. കുനാൽ ഈ സംഭാഷണങ്ങൾ വീഡിയോ ആയി പകർത്തി പോലീസിന് കൈമാറി.
കൊല്ലപ്പെടുന്നതിനു മുമ്പ് കരണിന്റെ ഭക്ഷണത്തിൽ പ്രതികൾ ഉറക്കഗുളികകൾ കലർത്തി നൽകിയതായി സന്ദേശങ്ങൾ വെളിപ്പെടുത്തുന്നു. മരുന്ന് പെട്ടെന്ന് ഫലിക്കാതെ വന്നപ്പോൾ സുസ്മിത പരിഭ്രാന്തിയിലായി. തുടർന്ന് ഇരുവരും ഇൻസ്റ്റഗ്രാമിൽ നടത്തിയ ചാറ്റ് പൊലീസ് പുറത്തുവിട്ടു.
'മരുന്ന് കഴിച്ചാൽ മരിക്കാൻ എത്ര സമയമെടുക്കുമെന്ന് ഒന്നു നോക്കൂ. ഭക്ഷണം കഴിച്ചിട്ട് മൂന്ന് മണിക്കൂറായി. ഛർദ്ദിയോ ഒന്നുമില്ല. ഇതുവരെ മരിച്ചിട്ടുമില്ല. ഇനി നമ്മൾ എന്തുചെയ്യണം, എന്തെങ്കിലും ഒരു വഴി പറ.' 'നിനക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഷോക്ക് കൊടുക്ക്.' 'ഷോക്ക് കൊടുക്കാൻ ഇയാളെ എങ്ങനെ കെട്ടിയിടും?' 'ടേപ്പ് വെച്ച്.' 'അയാൾ വളരെ പതുക്കെയാണ് ശ്വാസമെടുക്കുന്നത്.' 'നിന്റെ കയ്യിലുള്ള ഗുളികകളെല്ലാം കൊടുക്ക്.' 'എനിക്ക് അയാളുടെ വായ തുറക്കാൻ കഴിയുന്നില്ല. വെള്ളം ഒഴിക്കാൻ പറ്റും, പക്ഷെ ഗുളിക കൊടുക്കാൻ പറ്റുന്നില്ല. നീ ഇങ്ങോട്ട് വാ. നമുക്ക് ഒരുമിച്ച് ഗുളിക കഴിപ്പിക്കാൻ നോക്കാം.'
മയക്കി കിടത്തിയ ശേഷം ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി അപകടമരണമായി ചിത്രീകരിക്കാനാണ് പ്രതികൾ പദ്ധതിയിട്ടത്. ഉറക്കഗുളികകൾ കഴിച്ചയുടൻ അബോധാവസ്ഥയിലാകാതെ വന്നപ്പോൾ, മയക്കത്തിലായിരുന്ന കരണിന്റെ ശരീരത്തിൽ ഷോക്കേൽപ്പിച്ച് കൊല്ലാൻ അവർ തീരുമാനിച്ചു. കൊലപാതകത്തിനു ശേഷം സുസ്മിത അടുത്തുള്ള ഭർതൃഗൃഹത്തിലെത്തി കരണിന് ഷോക്കേറ്റതായി അറിയിച്ചു. കുടുംബാംഗങ്ങൾ ഫ്‌ളാറ്റിലെത്തി കരണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെവെച്ച് മരണം സ്ഥിരീകരിച്ചു.
ചോദ്യം ചെയ്യലിൽ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. ഉപവാസ ദിവസ(കർവ ചൗത്ത്)ത്തിൽ കരൺ തന്നെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും പതിവായി പണം ആവശ്യപ്പെട്ടിരുന്നെന്നും സുസ്മിത കുറ്റസമ്മത മൊഴിയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.