കറാച്ചി: പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട ഒരു യാത്രക്കാരനെ സ്വകാര്യ വിമാനക്കമ്പനി അബദ്ധത്തിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ ഇറക്കി. വിമാനക്കമ്പനിയുടെ ക്രൂ അംഗങ്ങൾക്ക് സംഭവിച്ച ഗുരുതരമായ പിഴവ് കാരണം കടുത്ത ബുദ്ധിമുട്ടുകൾ നേരിട്ട ഷഹ്‌സെയിൻ എന്ന യാത്രക്കാരൻ നിയമനടപടിക്കൊരുങ്ങുകയാണ്. ജിദ്ദയിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ വിസയോ പാസ്പോർട്ടോ ഇദ്ദേഹത്തിൻ്റെ കൈവശം ഉണ്ടായിരുന്നില്ല.
ക്രൂ അംഗങ്ങളെ വിമാന ടിക്കറ്റ് കാണിച്ചതിന് ശേഷമാണ് തന്നെ തെറ്റായ വിമാനത്തിലേക്ക് ബോർഡ് ചെയ്യിച്ചതെന്ന് ഷഹ്‌സെയിൻ ആരോപിച്ചു. ഒരേ കമ്പനിയുടെ രണ്ട് വിമാനങ്ങൾ ഒരേസമയം ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്നു; ഒന്ന് കറാച്ചിയിലേക്കും മറ്റേത് ജിദ്ദയിലേക്കും പുറപ്പെടാൻ സജ്ജമായിരുന്നു. ഈ ആശയക്കുഴപ്പത്തിൽ ക്രൂ അംഗങ്ങൾ ഷഹ്‌സെയിനിനെ ജിദ്ദയിലേക്കുള്ള വിമാനത്തിൽ കയറ്റിവിടുകയായിരുന്നു. "വളരെ വൈകിയാണ് ഇക്കാര്യം എനിക്ക് മനസ്സിലായത്," യാത്രക്കാരൻ പറഞ്ഞു. തൻ്റെ ബോർഡിംഗ് പാസ് പരിശോധിച്ചിട്ടും ഒരു എയർലൈൻ ജീവനക്കാരനും പിശക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനം പറന്നുയർന്ന് ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞപ്പോഴാണ് ഷഹ്‌സെയിനിന് അസ്വാഭാവികത തോന്നിയത്. "വിമാനം ഇതുവരെ കറാച്ചിയിൽ എത്താത്തത് എന്തുകൊണ്ടാണെന്ന് ഞാൻ ചോദിച്ചു. ഇത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും, തുടർന്ന് അവർ എനിക്കാണ് തെറ്റ് പറ്റിയതെന്ന മട്ടിൽ കുറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു," അദ്ദേഹം വ്യക്തമാക്കി. ലാഹോറിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ കറാച്ചിയിൽ എത്തേണ്ട ഇദ്ദേഹം ജിദ്ദയിൽ നിന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മടങ്ങിയെത്തിയത്.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ.) അറിയിച്ചതായി എആർവൈ ന്യൂസ് റിപ്പോർട്ടു ചെയ്തു. അന്വേഷണത്തിന് പൂർണ്ണ സഹകരണം ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഷഹ്‌സെയിൻ അറിയിച്ചു. തനിക്കുണ്ടായ അപ്രതീക്ഷിത യാത്രാ ചെലവ് വഹിക്കണമെന്നും, ആ സമയം താൻ അനുഭവിച്ച മാനസിക സമ്മർദ്ദത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വിമാനക്കമ്പനിക്ക് ഇദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. തൻ്റെ കൈവശമുള്ള രേഖകൾ പരിശോധിക്കുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയതായും, യാത്രാ രേഖകൾ ഇല്ലാതെ ഒരു അന്താരാഷ്ട്ര വിമാനത്തിൽ കയറാൻ അനുവദിച്ചതിന് വിമാനക്കമ്പനി ഉത്തരവാദിയാണെന്നും യാത്രക്കാരൻ ആരോപിച്ചു.
സംഭവം പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ലാഹോർ എയർപോർട്ട് മാനേജ്‌മെൻ്റ് അന്വേഷണം നടത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിദ്ദയിൽ യാത്രക്കാരൻ എത്തിയത് വിമാനക്കമ്പനിയുടെ അശ്രദ്ധ മൂലമാണെന്നും, നടപടിയെടുക്കാനുള്ള ഔദ്യോഗിക നിർദ്ദേശം ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.