താമരശ്ശേരി: വീട്ടിലെ ചടങ്ങിന് ബിരിയാണിവെക്കാൻ പാത്രങ്ങൾ വേണമെന്നാവശ്യപ്പെട്ട് വാടകസ്റ്റോറിലെത്തി ബിരിയാണിച്ചെമ്പുകളും ഉരുളിയും ചട്ടുകവും കോരിയുമെല്ലാം എടുത്തുകൊണ്ടുപോയ യുവാവ് അവ ആക്രിക്കടയിൽ മറിച്ചുവിറ്റു. താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പരപ്പൻപൊയിലിലെ ഒകെ സൗണ്ട്‌സ് എന്ന വാടകസ്റ്റോറിൽനിന്ന് ശനിയാഴ്ച രാവിലെ വാടകയ്ക്കെടുത്ത പാത്രങ്ങളാണ് ആറരക്കിലോമീറ്റർ അകലെയുള്ള പൂനൂർ ചീനിമുക്കിലെ ആക്രിക്കടയിൽ വിറ്റത്. പറഞ്ഞ ദിവസമായിട്ടും സാധനങ്ങൾ തിരിച്ചെത്താതെ വന്നതോടെ കടയുടമ അന്വേഷിച്ചപ്പോഴാണ് സംഭവം മോഷണമായിരുന്നെന്ന് രണ്ടുകടക്കാരും തിരിച്ചറിഞ്ഞത്.
വിറ്റൊഴിവാക്കാനുള്ള പഴയ വാടകസാധനങ്ങളാണെന്ന് വിശ്വസിപ്പിച്ച് രണ്ടു ബിരിയാണിച്ചെമ്പും രണ്ട് ഉരുളിയും ആക്രിക്കടയിൽ നൽകി 11,500 രൂപയും ഗുഡ്‌സ് ഓട്ടോയുടെ കടത്തുകൂലിയെന്നുപറഞ്ഞ് 300 രൂപയും കൈക്കലാക്കിയാണ് യുവാവ് മടങ്ങിയത്. മോഷണമെന്ന തോന്നൽ ഒഴിവാക്കാൻ വാടകസ്റ്റോറിൽ നിന്നെടുത്ത ചട്ടുകവും കോരിയും ആക്രിക്കടയിൽ നൽകിയതുമില്ല. ഒകെ സൗണ്ട്സ് ഉടമ പരപ്പൻപൊയിൽ ചെമ്പ്രക്കുന്നത്ത് റഫീഖിന്റെ പരാതിയിൽ താമരശ്ശേരി പോലീസ് അന്വേഷണമാരംഭിച്ചു.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് യുവാവ് കടയിലെത്തിയത്. അണ്ടോണ ചാടിക്കുഴി അമ്പലത്തിനുസമീപത്താണ് വീടെന്നും സൽമാനാണ് പേരെന്നും പറഞ്ഞ് സ്വയംപരിചയപ്പെടുത്തി. തുടർന്ന് ‘വീട്ടിൽ ഒരു ഫങ്ഷനുണ്ട്, ബിരിയാണിവെക്കാൻ പാത്രങ്ങൾ വേണം’ എന്ന് കടയിലെ ജീവനക്കാരൻ മജീദിനോട് ആവശ്യപ്പെട്ടു. രണ്ട് ബിരിയാണിച്ചെമ്പും രണ്ട് ഉരുളിയും ഓരോ ചട്ടുകവും കോരിയുമായി നാല്പതിനായിരത്തോളം രൂപ വിലയുള്ള സാധനങ്ങളാണ് വാടകയ്ക്കെടുത്തത്. സാധാരണമായി ബിരിയാണിവെക്കാൻ വട്ടയാണ് ഉപയോഗിക്കുന്നതെന്ന് സൂചിപ്പിച്ചപ്പോൾ ‘ദം ഇട്ട് വെക്കാൻ ചെമ്പാണ് നല്ലത്’ എന്നായിരുന്നു യുവാവിന്റെ മറുപടി. സാധനങ്ങളെടുത്തുനോക്കി കടയ്ക്കുമുന്നിൽ വെച്ചശേഷം പരപ്പൻപൊയിൽ അങ്ങാടിയിൽനിന്ന് ഗുഡ്‌സ് ഓട്ടോ വിളിച്ച് അതിൽക്കയറ്റി പോവുകയും ചെയ്തു. സമീപപ്രദേശങ്ങളെക്കുറിച്ച് നല്ലധാരണയുള്ള തരത്തിൽ വാചാലമായി സംസാരിച്ചതിനാൽ കടയിലെ ജീവനക്കാരന് സംശയംതോന്നിയതുമില്ല.
ഞായറാഴ്ചയാണ് പരിപാടിയെന്നും തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിക്കും എന്നുമായിരുന്നു പറഞ്ഞത്. എന്നാൽ, തിങ്കളാഴ്ച വൈകുന്നേരമായിട്ടും സാധനങ്ങൾ തിരിച്ചെത്താതെവന്നതോടെ കടയുടമ യുവാവ് തന്ന ഫോൺനമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. പറഞ്ഞപേരും വിലാസവുമെല്ലാം വ്യാജമാണെന്ന് പിന്നീടുമനസ്സിലായി. അണ്ടോണ ഭാഗത്തെ വീട്ടിലേക്കെന്നുപറഞ്ഞ് കൊണ്ടുപോയ സാധനങ്ങൾ യുവാവ് പക്ഷേ, ഇറക്കിയത് പൂനൂർ-കോളിക്കൽ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ ഇടവഴിയിലാണെന്ന് ഓട്ടോക്കാരനെ വിളിച്ചന്വേഷിച്ചപ്പോൾ അറിഞ്ഞു. വീടിനടുത്തേക്ക് വണ്ടി പോകില്ലെന്നുപറഞ്ഞ് ഇടവഴിയിൽ ഇറക്കി ഡ്രൈവറെ മടക്കിയയക്കുകയായിരുന്നു.പിന്നീടാണ് സമീപത്തെ ആക്രിക്കടയിലേക്ക് പാത്രങ്ങളെത്തിച്ച് മറിച്ച് വിൽപ്പന നടത്തിയെന്നത് മനസ്സിലാവുന്നത്. രണ്ടുസ്ഥലത്തും യുവാവ് നൽകിയത് ഒരേ നമ്പറായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.