ന്യൂഡൽഹി : യാത്രയ്ക്കായി ടാക്സി വിളിച്ച ശേഷം, ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയും വാഹനങ്ങൾ മറിച്ചുവിൽക്കുകയും ചെയ്യുന്നത് പതിവാക്കിയ ‘സീരിയൽ കില്ലർ’ പിടിയിൽ. 4 കൊലക്കേസുകളിൽ പ്രതിയായ അജയ് ലംബയെയാണ് (48) ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 24 വർഷമായി ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്.
അജയ് ലംബയും കൂട്ടാളികളും ഉത്തരാഖണ്ഡിലേക്കെന്നു പറഞ്ഞാണു ടാക്സി വിളിച്ചിരുന്നത്. യാത്രാമധ്യേ ഡ്രൈവറെ മയക്കി ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയിരുന്നത്. തെളിവ് ലഭിക്കാതിരിക്കാൻ മൃതദേഹങ്ങൾ കുന്നിൻ മുകളിൽ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം വാഹനം നേപ്പാളിലേക്കു കടത്തി മറിച്ചു വിൽക്കുകയായിരുന്നു പതിവ്.2001 മുതൽ 2003 വരെ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ഇയാൾ 4 കൊലപാതകങ്ങൾ നടത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം, തെളിവ് ലഭിച്ച കൊലപാതകക്കേസുകൾ മാത്രമാണിവയെന്നും പ്രതിയും സംഘവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. 4 കൊലപാതകക്കേസുകളുണ്ടെങ്കിലും ആകെ ഒരാളുടെ മൃതദേഹം മാത്രമേ കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളൂ. ലംബയുടെ കൂട്ടാളികളായ ധിരേന്ദ്ര, ദിലിപ് നേഗി എന്നിവരെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി സ്വദേശിയായ ലംബ ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ചതിനു ശേഷം ഉത്തർപ്രദേശിലെ ബറേലിയിലേക്കു താമസം മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് ലംബ ധിരേന്ദ്രയും ദിലിപ് നേഗിയുമായി സൗഹൃദത്തിലാകുന്നത്. ഇവരുടെ സഹായത്തോടെയാണു ലംബ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.