ന്യുസ്സിലന്റ്: ക്രൈസ്റ്റ്ചർച്ചിലെ ഒരു ചൈനീസ്-കൊറിയൻ കുടുംബം നടത്തുന്ന ഫുഡ് ട്രക്കിന്റെ ബ്രാൻഡിംഗ് ഉടനടി മാറ്റിയില്ലെങ്കിൽ KFC-യിൽ നിന്ന് നിയമനടപടി നേരിടേണ്ടിവരുമെന്ന് താക്കീത്.
ക്രൈസ്റ്റ്ചർച്ചിലെ റിക്കാർട്ടണിൽ കൊറിയൻ ഫ്രൈഡ് ചിക്കൻ, ബബിൾ ടീ, ഡെസേർട്ട് എന്നിവ വിൽക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥിയായ ബെൻ യാങ് യാസിന്റെ ഫുഡ് ട്രക്കിന്റെ ലോഗോ ആണ് വിവാദത്തിലായത്.KFC -യോട് സാമ്യം തോന്നുന്ന YFC എന്ന ലോഗോയാണ് ബെൻ തന്റെ ഫുഡ് ട്രക്കിന് ഇട്ടത്. കഴിഞ്ഞ വർഷം ഒരു കട ഇട്ടാണ് ബിസിനസ്സ് ആരംഭിച്ചത്, പിന്നീട് ഫെബ്രുവരിയിൽ അത് ഒരു ഫുഡ് ട്രക്കിലേക്ക് മാറ്റി.
ബെന്നിന്റെ അമ്മയും, അമ്മൂമ്മയും ചേർന്നാണ് കച്ചവടം നടത്തുന്നത്. വെളുത്ത "YFC" എന്നെഴുതിയ ചുവന്ന പശ്ചാത്തലത്തിൽ സ്യൂട്ട് ധരിച്ച ബെനിന്റെ ചിത്രം ഫുഡ് ട്രക്കിന്റെ ലോഗോയിൽ ഉണ്ട്.
ജൂണിൽ, ബെന്നിന് KFC-യിൽ നിന്ന് നിയമപരമായ അറിയിപ്പ് ലഭിച്ചപ്പോഴാണ്, ഒരു വൻകിട ബ്രാൻഡായ കെഎഫ്‌സി, റോഡരികിൽ പാർക്ക് ചെയ്തു കച്ചവടം നടത്തുന്ന ചെറിയ ഫുഡ് ട്രക്കിനെ നോട്ടമിട്ട കാര്യം ബെൻ അറിയുന്നത്.
ബെന്നിന് തന്റെ കച്ചവടം റീബ്രാൻഡ് ചെയ്യാനും "YFC" ഉപയോഗിക്കുന്നത് നിർത്താനും ജൂലൈ 2 വരെ സമയപരിധി നൽകിയിരുന്നു, എന്നാൽ പിന്നീട് അത് ഓഗസ്റ്റ് ആദ്യം വരെ നീട്ടി.
ഇതോടെ ബെൻ തന്റെ ഫുഡ് ട്രക്കിന് പറ്റുന്ന പുതിയ ലോഗോയ്ക്കുള്ള ആശയങ്ങൾ ഇൻസ്റ്റാഗ്രാം വഴി സമർപ്പിക്കാൻ ഡിസൈനർമാരോട് ആവശ്യപ്പെട്ടു. ജേതാവിന് ആജീവനാന്ത സൗജന്യ ഫ്രൈഡ് ചിക്കൻ വിതരണം ചെയ്യുമെന്ന് ബെൻ വാഗ്ദാനം ചെയ്തു.
ക്രൈസ്റ്റ്ചർച്ചിൽ ജനിച്ച ബെന്നിനെ അമ്മയും. അമ്മൂമ്മയും ചേർന്നാണ് വളർത്തിയത്. കൊറിയൻകാരനായ ബെന്നിന്റെ പിതാവ് അവന് ഒരു വയസ്സുള്ളപ്പോൾ മരിച്ചിരുന്നു.
ഒരു ഫുഡ് ട്രക്കിന്റെ ലോഗോ മാറ്റുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ലെന്ന് ബെൻ പറഞ്ഞു. ഭാവിയിൽ സാധിച്ചാൽ ഓക്ക്‌ലൻഡിലും മറ്റ് നഗരങ്ങളിലും സ്റ്റോറുകൾ തുറക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബെൻ വ്യക്തമാക്കി.
ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്ന് കെഎഫ്‌സി വ്യക്താക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.