ബെംഗളൂരു: ധര്‍മസ്ഥല കൂട്ടക്കൊലപാതകത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയുടെ രഹസ്യ മൊഴി ചോര്‍ന്നതായി ആരോപണം. പൊലീസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് ആക്ഷേപം.
ശുചീകരണ തൊഴിലാളിയുടെ അഭിഭാഷകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊലീസിന്റെ ഒത്തുകളിയെയും വിവരങ്ങള്‍ ചോര്‍ന്നതിനെ കുറിച്ചും അന്വേഷണം അട്ടിമറിക്കാനുള്ള സമ്മര്‍ദത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ അറിയിച്ചുകൊണ്ട് അഭിഭാഷകര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നല്കി. ആഭ്യന്തര മന്ത്രി ജി പരമേശ്വര, കര്‍ണാടക ഡിജിപി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.സംശയാസ്പദമായ മരണത്തെ കുറിച്ചും രഹസ്യമായി മൃതദേഹം സംസ്കരിച്ചതിനെക്കുറിച്ചുമുള്ള മൊഴിയടക്കമുള്ള രഹസ്യ വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് ചോര്‍ത്തിയതിലൂടെ അന്വേഷണത്തിന്റെ സത്യസന്ധതയില്‍ ധര്‍മസ്ഥല പൊലീസ് വിട്ടുവീഴ്ച ചെയ്തതായും അഭിഭാഷകര്‍ ആരോപിച്ചു. രഹസ്യ മൊഴിയിലെ വിവരങ്ങള്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായാണ് പരാതി. 11 മണിക്കൂറോളം പ്രസ്തുത വീഡിയോ യൂട്യൂബിലുണ്ടായിരുന്നത്.ഈ വിവരങ്ങള്‍ തനിക്ക് പൊലീസില്‍ നിന്ന് നേരിട്ട് കിട്ടിയതാണെന്ന് ഒരു വ്യക്തി അവകാശപ്പെടുന്ന വീഡിയോയാണ് പുറത്ത് വന്നത്.
ഞങ്ങളുടെ കക്ഷിക്കോ, നിയമസംഘത്തിനോ വീഡിയോയിലെ വ്യക്തിയുമായി യാതൊരു ബന്ധവുമില്ല. അധികാരിയല്ലാത്ത മൂന്നാമതൊരാളുമായി പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചതിലൂടെ അന്വേഷണവുമായി ബന്ധപ്പെട്ടവര്‍ മനപ്പൂര്‍വം വിട്ടുവീഴ്ച ചെയ്യുന്നുവെന്നാണ് സംശയാസ്പദമായി തെളിയിക്കുന്നത്', നിവേദനത്തില്‍ പറയുന്നു.
അന്വേഷണത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ബോധപൂര്‍വമായ പ്രവര്‍ത്തിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അഭിഭാഷകര്‍ പറയുന്നു. ചില പൊലീസുകാര്‍ ബാഹ്യ സമ്മര്‍ദത്തില്‍ കീഴടങ്ങി കേസിനെ ദുര്‍ബലപ്പെടുത്തുന്നുവെന്ന ആരോപണവുമുണ്ട്. മൊഴിയുടെ രഹസ്യാത്മകത സൂക്ഷിക്കണമെന്നാവശ്യപ്പെട്ട അഭിഭാഷകര്‍ അടിയന്തര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. തൊഴിലാളിക്ക് സുരക്ഷ വേണമെന്നും ആവശ്യമുണ്ട്. അതേസമയം ധര്‍മസ്ഥല കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ആരെയും സംരക്ഷിക്കുന്നില്ലെന്നും സത്യം പുറത്ത് വരണമെന്നും ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത്. അവസാനം സംസ്കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്.
ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.