ന്യൂഡൽഹി : ഗാസിയാബാദിൽ വെസ്റ്റാർക്ടിക്ക എന്ന രാജ്യത്തിന്റെ പേരിൽ വ്യാജ എംബസി നടത്തിയതിന് അറസ്റ്റിലായ ഹർഷ്‌വർധൻ ജെയിൻ കൂടുതൽ തട്ടിപ്പുകളിൽ പങ്കാളിയെന്ന സൂചനയെത്തുടർന്ന് അന്വേഷണം തുടങ്ങി. 300 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുമായി ഇയാൾക്കു ബന്ധമുണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന ഉത്തർപ്രദേശ് ടാസ്ക് ഫോഴ്സിന്റെ (എസ്ടിഎഫ്) നിഗമനം. വിദേശ ആയുധവ്യാപാരിയുമായി അടക്കം ബന്ധമുണ്ടെന്നതിനുളള തെളിവുകളും ഇയാളുടെ ഓഫിസിൽനിന്നു കണ്ടെത്തിയിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ജെയിൻ 162 വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും ഇയാൾക്ക് നിരവധി വിദേശബാങ്ക് അക്കൗണ്ടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എട്ടു വർഷമായി വ്യാജഎംബസി നടത്തിയിരുന്ന ജെയിൻ കഴിഞ്ഞ ആഴ്ചയാണ് പിടിയിലായത്. വിവാദ ആൾദൈവം ചന്ദ്രസ്വാമി, സൗദി സ്വദേശിയായ ആയുധവ്യാപാരി അദ്നാൻ ഖഷോഗി എന്നിവർക്കൊപ്പമുള്ള ജെയിനിന്റെ ചിത്രങ്ങൾ ഓഫിസിൽനിന്നു കണ്ടെടുത്തിരുന്നു.എൺപതുകളിലും തൊണ്ണൂറുകളിലും രാഷ്ട്രീയ നേതാക്കൾ അടക്കമുള്ള ഉന്നതരുമായി അടുപ്പമുണ്ടായിരുന്ന ചന്ദ്രസ്വാമി സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ 1996ലാണ് അറസ്റ്റിലായത്. രാജീവ് ഗാന്ധി വധവുമായി ചന്ദ്രസ്വാമിക്കു ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു. ചന്ദ്രസ്വാമിയാണ് ജെയിനിന് ഖഷോഗിയെയും സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി അഹ്സാൻ അലി സയേദിനെയും പരിചയപ്പെടുത്തിയതെന്നാണ് വിവരം. സയേദ് ഖഷോഗിയുമായി ചേർന്ന് 25 ഷെൽ കമ്പനികൾ തുടങ്ങിയെന്നും അതു വഴി കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപണമുണ്ട്. ഹൈദരാബാദിൽ ജനിച്ച സയേദ് പിന്നീട് തുർക്കി പൗരത്വം സ്വീകരിക്കുകയായിരുന്നു.
‘വെസ്റ്റേണ്‍ അഡൈ്വസറി ഗ്രൂപ്പ്’ എന്ന പേരില്‍ സ്വിറ്റ്സർലൻഡിൽ കമ്പനി നടത്തിയിരുന്ന സയേദ്, വായ്പ ശരിയാക്കാൻ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് 25 ദശലക്ഷം പൗണ്ട് (300 കോടിയോളം രൂപ) തട്ടിയെടുത്തു മുങ്ങിയെന്നാണു കേസ്. ഇയാൾ 2022 ൽ ലണ്ടനിൽ അറസ്റ്റിലായിരുന്നു. ഈ തട്ടിപ്പിൽ ഹർഷവർധനും പങ്കാളിയാണെന്ന സംശയത്തിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം, ജെയിൻ തങ്ങളുടെ അംബാസഡറല്ലെന്നും ഓണററി കോൺസൽ എന്ന പദവി മാത്രമേ അയാൾക്ക് ഉള്ളൂവെന്നും വെസ്റ്റാർക്ടിക്ക അറിയിച്ചു. 2016 ൽ ജെയിൻ ഒരു വലിയ തുക സംഭാവന നൽകിയെന്നും അതുകൊണ്ട് തങ്ങളുടെ വൊളന്റിയർ സംഘത്തിൽ അംഗമാകാൻ ക്ഷണിക്കുകയായിരുന്നും വെസ്റ്റാർക്ടിക്കയുടെ അറിയിപ്പിൽ പറയുന്നു. രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളോ സ്ഥാനപ്പേരുകളോ ഉപയോഗിക്കാൻ ജെയിനിന് അനുമതിയില്ല. അയാൾ രാജ്യത്തിന്റെ പ്രോട്ടോക്കോൾ ലംഘിച്ചതിനാൽ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്തുവെന്നും അറിയിപ്പിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.