ന്യൂഡൽഹി: ആ 5 മണിക്കൂറിനിടെ എന്തു സംഭവിച്ചു? ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നു ജഗ്ദീപ് ധൻകർ രാജിവച്ചപ്പോൾ ഉയരുന്ന ചോദ്യമിതാണ്. ജസ്റ്റിസ് യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയ നോട്ടിസ് രാജ്യസഭയിൽ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുണ്ടായ തർക്കമാണു രാജിയിലേക്കു നയിച്ചതെന്നാണ് ആദ്യ സൂചന.
പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നാണു നോട്ടിസ് ലഭിച്ചത്. 63 അംഗങ്ങൾ ഒപ്പുവച്ചിട്ടുണ്ടെന്നും അതേ വിഷയത്തിൽ പ്രമേയ നോട്ടിസ് ലോക്സഭയിലും ലഭിച്ചിട്ടുണ്ടെങ്കിൽ രണ്ടു സഭാധ്യക്ഷരും ചേർന്നാണു തുടർനടപടി തീരുമാനിക്കേണ്ടതെന്നുമാണ് ഇന്നലെ വൈകിട്ടു 4നുശേഷം ധൻകർ സഭയിൽ പറഞ്ഞത്. 9 മണി കഴിഞ്ഞ് രാജി പ്രഖ്യാപനം പുറത്തുവന്നു.ഭരണ–പ്രതിപക്ഷ അംഗങ്ങളുടെ ഒപ്പോടെയുള്ളതായിരുന്നു ലോക്സഭയിലെ പ്രമേയ നോട്ടിസ്. എന്നാൽ, രാജ്യസഭയിൽ പ്രതിപക്ഷത്തിന്റേതു മാത്രമായുള്ള നോട്ടിസാണു ലഭിച്ചത്. അത്തരമൊരു നീക്കം പ്രോത്സാഹിപ്പിക്കാൻ സർക്കാർ താൽപര്യപ്പെട്ടില്ല. എന്നാൽ, അതു വകവയ്ക്കാൻ അധ്യക്ഷൻ തയാറായില്ലെന്നാണു സൂചന.
പ്രമേയ നോട്ടിസ് ഇരുസഭകളിലും ലഭിച്ചാൽ ബാധകമാക്കുന്ന ചട്ടങ്ങളുൾപ്പെടെ വിശദീകരിച്ച്, രാജ്യസഭയിലെ നോട്ടിസിലും നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാണു തീരുമാനമെന്ന് അദ്ദേഹം സൂചിപ്പിച്ചു.രാജ്യസഭയിലെ ഇന്നലത്തെ നടപടി ധൻകർ ഉപരാഷ്ട്രപതി പദത്തിനുമേൽ സ്വയം അടിച്ച അവസാനത്തെ ആണിയായി എന്നാണ് ബിജെപി വൃത്തങ്ങൾ പറഞ്ഞത്. ജുഡീഷ്യറിക്കെതിരെ തലങ്ങുംവിലങ്ങുമുള്ള വിമർശനം, ഗുസ്തിക്കാരുടെയും കർഷകരുടെയും സമരങ്ങളിൽ സർക്കാരിനെതിരെയുള്ള വിമർശനം തുടങ്ങിയവയിലൂടെ ധൻകർ ഭരണനേതൃത്വത്തിന്റെ അപ്രീതി നേടിയിരുന്നു.
എന്നാൽ, സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന അധ്യക്ഷനെയാണു രാജ്യസഭയിൽ കണ്ടിരുന്നത്. പക്ഷപാതിയെന്ന് പ്രതിപക്ഷവിമർശനം നേരിടേണ്ടിയും വന്നു. കഴിഞ്ഞ ഡിസംബറിൽ ധൻകറെ അധ്യക്ഷസ്ഥാനത്തുനിന്നു നീക്കാൻ ഇന്ത്യാസഖ്യത്തിലെ 60 അംഗങ്ങൾ രാജ്യസഭയിൽ നോട്ടിസ് നൽകുന്ന സ്ഥിതിവരെ കാര്യങ്ങളെത്തി. രാജി രാഷ്ട്രപതി സ്വീകരിക്കുന്നതോടെയാണു പ്രാബല്യത്തിലാവേണ്ടത്.
എന്നാൽ, ആരോഗ്യപ്രശ്നങ്ങളാലുള്ള രാജിക്ക് ഉടനടി പ്രാബല്യമെന്നു കത്തിന്റെ ആദ്യ വാചകത്തിൽത്തന്നെ ധൻകർ വ്യക്തമാക്കിയതു ശ്രദ്ധേയമായി. ഉപരാഷ്ട്രപതി രാജിവച്ചാലുള്ള ഒഴിവ് താൽക്കാലികമായി നികത്താൻ എന്തു ചെയ്യണമെന്നു ഭരണഘടനയിൽ പറയുന്നില്ല. അതുകൊണ്ടുതന്നെ ഉപരാഷ്ട്രപതിയുടെ ചുമതല ഉടനെ ആർക്കെങ്കിലും നൽകുകയെന്ന വിഷയം ഉയരുന്നില്ല.
എന്നാൽ, രാജ്യസഭാ അധ്യക്ഷനെന്ന പദവിയിലെ ഒഴിവിന്റെ കാര്യം അങ്ങനെയല്ല. ഒന്നുകിൽ ഉപാധ്യക്ഷന് അല്ലെങ്കിൽ സഭയിലെ ഏതെങ്കിലും അംഗത്തിന് അധ്യക്ഷച്ചുമതല നൽകുന്നതായി രാഷ്ട്രപതി വ്യക്തമാക്കണം.ഇന്നലെ വൈകിട്ടുവരെ സഭ നിയന്ത്രിച്ചയാളാണ് പെട്ടെന്ന് ആരോഗ്യപ്രശ്നം പറഞ്ഞു രാജിവച്ചത്.
അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നു പറയാനാവില്ല. കഴിഞ്ഞ മാർച്ചിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ ഏതാനും ദിവസം ആശുപത്രിയിലായിരുന്നു. രണ്ടാഴ്ച മുൻപ് കേരളത്തിൽ വന്നപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.
ധൻകർ ആയതുകൊണ്ട് രാജി സർക്കാരിനെ സമ്മർദത്തിലാക്കാനാണോ എന്നു സംശയിച്ചവരുമുണ്ട്. 1990 ഓഗസ്റ്റിൽ ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്നു ദേവിലാലിനെ പുറത്താക്കാൻ പ്രധാനമന്ത്രി വി.പി.സിങ് തീരുമാനിച്ചപ്പോൾ അന്നു സഹമന്ത്രിയായിരുന്ന ധൻകർ രാജിവച്ചു. ജനതാദൾ അധ്യക്ഷനായിരുന്ന എസ്.ആർ.ബൊമ്മെയ്ക്കാണു രാജിക്കത്തു നൽകിയത്.
എന്നാൽ, പിറ്റേന്നു രാജി പിൻവലിച്ചു. ധൻകറുടെ രാജി ബിജെപിക്കു തിരിച്ചടിയാണെന്നതിൽ സംശയമില്ല. നേരത്തേ, വാജ്പേയി സർക്കാരിന്റെ കാലത്ത് ഉപരാഷ്ട്രപതിയായ ഭൈറോൺ സിങ് ഷെഖാവത്ത് രാഷ്ട്രപതിസ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ടപ്പോൾ കാലാവധി തികയാൻ കാത്തുനിൽക്കാതെ രാജിവച്ചിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.