തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശ്രദ്ധേയ പദ്ധതികളിലൊന്നായ കെ ഫോണിന്റെ ഇന്റർനെറ്റ് സേവനം ഉപേക്ഷിക്കാനും മറ്റു സേവനദാതാക്കളിലേക്കു മാറാനും അനുവാദം തേടി വിവിധ സർക്കാർ വകുപ്പുകൾ.
ഇന്റർനെറ്റിൽ അടിക്കടിയുണ്ടാകുന്ന തടസ്സവും വേഗക്കുറവും പരാതികൾ പരിഹരിക്കുന്നതിന് എടുക്കുന്ന കാലതാമസവും ചൂണ്ടിക്കാട്ടിയാണു സ്വകാര്യ സേവനദാതാക്കളിലേക്കു മാറാൻ വകുപ്പുകൾ ചീഫ് സെക്രട്ടറിയുടെ അനുവാദം തേടിയത്.തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനം അനിവാര്യമായ ജിഎസ്ടി, സപ്ലൈകോ, റജിസ്ട്രേഷൻ, ട്രഷറി തുടങ്ങിയ വിഭാഗങ്ങൾക്ക് കെ ഫോണിനു പുറമേ മറ്റൊരു കമ്പനിയുടെ കൂടി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചു.
ഇപ്പോൾ സംസ്ഥാനത്ത് ഒരു ലക്ഷം ഇന്റർനെറ്റ് കണക്‌ഷനുകളാണ് കെ ഫോൺ നൽകിയിരിക്കുന്നത്. ഇതിൽ 24,000 കണക്‌ഷനുകൾ വിവിധ സർക്കാർ ഓഫിസുകൾക്കാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളും കെ ഫോൺ കണക്‌ഷൻ തന്നെ എടുക്കണമെന്നാണു സർക്കാർ നയം. കെ ഫോണിന്റെ സേവനം ലഭ്യമാകാത്തിടത്തു മാത്രമാണു സ്വകാര്യ ഇന്റർനെറ്റ് സൗകര്യം ഉപയോഗിക്കാൻ സർക്കാർ ഓഫിസുകൾക്ക് അനുമതി.
കെ ഫോൺ കണക്‌ഷൻ കൂടുതൽ പേർ ഉപയോഗിക്കുമ്പോൾ വേഗക്കുറവുണ്ടെന്നതാണു വകുപ്പുകളുടെ പ്രധാന പരാതി. തകരാർ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിഹരിക്കുന്നുമില്ല. ഇൗ പരാതികളെക്കുറിച്ച് ചീഫ് സെക്രട്ടറി വിശദീകരണം തേടിയപ്പോൾ പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാർ ഓഫിസ് അധികൃതർക്ക് തങ്ങളുടെ വെബ് പോർട്ടലിൽ പരാതിപ്പെടാമെന്നായിരുന്നു കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷൻ (കെഎസ്ഐടിഎം) ഡയറക്ടർ നൽകിയ മറുപടി.
ഇന്റർനെറ്റ് ബില്ലിന്റെ പേരിലും തർക്കം കഴിഞ്ഞ ഒന്നര വർഷം ഇന്റർനെറ്റ് ഉപയോഗിച്ചതിന് 28.40 കോടി സർക്കാർ ഓഫിസുകളിൽനിന്നു കിട്ടാനുണ്ടെന്നാണ് കെ ഫോൺ സമർപ്പിച്ച കണക്ക്. ഇത് എല്ലാ വകുപ്പുകൾക്കും സ്വീകാര്യമല്ല. ഓരോ ഓഫിസിനും പ്രത്യേകം ബില്ലുകൾ നൽകുന്നതിനു പകരം ഒരു വകുപ്പിനു കീഴിലെ ഓഫിസുകൾക്കെല്ലാം കൂടി ഒറ്റ ബിൽ നൽകാനാണു പുതിയ തീരുമാനം.
വകുപ്പു മേധാവിക്കായിരിക്കും ബിൽ നൽകുക. ഓഫിസുകളുടെ പട്ടികയും ഇന്റർനെറ്റ് ഉപയോഗവും തുകയും ബില്ലിനൊപ്പം ചേർക്കും. ആദ്യം ബില്ലിന്റെ 75% തുക വകുപ്പുകൾ അടയ്ക്കും. കൂടുതൽ പരിശോധനകൾക്കു ശേഷം വകുപ്പുകൾ ബാക്കി തുക നൽകിയാൽ മതിയെന്നും ധാരണയിലെത്തിയിട്ടുണ്ട്. ബില്ലടയ്ക്കൽ വിഷയം ധനവകുപ്പുമായും ചർച്ച ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.